ആദിവാസി ഗോത്രാചാരങ്ങളേയും കലാരൂപങ്ങളേയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി ലോക പൈതൃക വാരാഘോഷത്തിന് തുടക്കമായി.
മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്ഹില്ലിലെ കൃഷ്ണമേനോന് മ്യൂസിയം ആര്‍ട്ട് ഗ്യാലറിയില്‍ വിദ്യാര്‍ഥികള്‍ക്കായി ഗോത്ര കലാ പാരമ്പര്യം സംബന്ധിച്ച ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഗദ്ദിക, മ്യൂസിയം വകുപ്പ് ടാക്സി ഡെര്‍മിസ്റ്റ് കെകെ ഗിരീഷ് ബാബു തയ്യാറാക്കിയ വട്ടക്കളിയെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.
വയനാട്ടിലെ വിവിധ ആദിവാസി വിഭാഗങ്ങൾ തുടർന്നു പോരുന്നതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നതുമായ ആചാരങ്ങളും കലാരൂപങ്ങളും അടുത്തറിയാൻ ഡോക്യുമെൻ്ററികളുടെ പ്രദർശനം ഉപകരിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. ജന്മിമാരും ആദിവാസി വിഭാഗങ്ങളും തമ്മിൽ നിലവിലുണ്ടായിരുന്ന ഉടമ അടിമ ബന്ധത്തിനപ്പുറം നിഷ്കളങ്കരായ ആദിവാസികൾ നിലനിർത്തിപ്പോന്ന സ്നേഹവും കൂറും കാർഷിക വിളകളുടെ അഭിവൃദ്ധിക്കായി നടത്തുന്ന പ്രാർത്ഥനയും വ്യക്തമാക്കുന്നതായി ഗദ്ദിക ഡോക്യുമെൻ്ററി. നാളുകളായി കണ്ടും കേട്ടും പരിചയിച്ച ഗദ്ദിക എന്ന ഗോത്ര കലാരൂപത്തിന് പിറകിൽ ആദിവാസികൾ പുലർത്തുന്ന ദേശസ്നേഹത്തിലൂന്നിയ അനുഷ്ഠാനത്തിൻ്റെ പിൻബലമുണ്ടെന്ന് തിരിച്ചറിയാനായെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എസ്എന്‍ കോളേജ്, ഈസ്റ്റ്ഹില്‍ എച്ച്എസ്എസ് എന്നിവിടങ്ങളില്‍ നിന്നായെത്തിയ 120 വിദ്യാര്‍ഥികള്‍ക്കു മുന്നിലാണ് പ്രദര്‍ശനം നടന്നത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഗോത്രകലാ പൈതൃകത്തിന്റെ വര്‍ത്തമാനകാല സാമൂഹിക, രാഷ്ട്രീയ പ്രസക്തി വിഷയമായി. മ്യൂസിയം വകുപ്പ് സൂപ്രണ്ട് പിഎസ് പ്രിയരാജന്, പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് അസിസ്റ്റന്റ് കൃഷ്ണരാജ്, കൗൺസിലർ ശിവപ്രസാദ്
ഡോ. ദീപേഷ് കരിമ്പുങ്കര, കെസി സരിത, ഡോ. കെപി അജയ്കുമാര്‍, ആര്‍എം ഷാജു, അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ 19 മുതല്‍ 25 വരെയാണ് പൈതൃകവാരമായി ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മുതൽ ഓലക്കളരി, പൈതൃക ക്വിസ് , ദഫ് മുട്ട് എന്നിവയും വൈകീട്ട് പഞ്ചാരി, കണ്ടാകർണൻ തെയ്യം എന്നിവയും അവതരിപ്പിക്കും.
