മുംബൈ തീരത്ത് ബുധനാഴ്ച
നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 പേർ മരിച്ചു. 101 പേരെ രക്ഷപ്പെടുത്തി.
വൈകുന്നേരം 4 മണിയോടെ, എൻജിൻ ട്രയലിനിടയിൽ നേവി സ്പീഡ് ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മുംബൈയ്ക്ക് സമീപം കരഞ്ജയിൽ വച്ച് യാത്രാ ബോട്ടായ നീൽ കമലിൽ ഇടിക്കുകയായിരുന്നുവെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ദ്വീപിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു യാത്രാ ബോട്ട്.
കോസ്റ്റ് ഗാർഡും മറൈൻ പോലീസും ഏകോപിപ്പിച്ച് നാവികസേന ഉടൻ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. നാല് നാവിക ഹെലികോപ്റ്ററുകൾ, 11 നാവിക ക്രാഫ്റ്റുകൾ, ഒരു കോസ്റ്റ് ഗാർഡ് ബോട്ട്, മൂന്ന് മറൈൻ പോലീസ് ബോട്ടുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
നാവികസേനയും സിവിൽ ക്രാഫ്റ്റും ചേർന്ന് രക്ഷപ്പെട്ടവരെ സമീപത്തെ ജെട്ടികളിലേക്കും ആശുപത്രികളിലേക്കും മാറ്റി.
അപകടത്തിൽ ഒരു നാവികസേനാംഗവും ഒഇഎം (ഒറിജിനൽ എക്യുപ്മെൻ്റ് മാനുഫാക്ചറർ)ൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി നാവികസേന അറിയിച്ചു.
101 പേരെ രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യാത്രാ ബോട്ടില്‍ ഇടിക്കാനെത്തുന്ന സ്പീഡ് ബോട്ടിന്റെ ദൃശ്ം പ്രചരിക്കുന്നുണ്ട്.
