അത്തോളി : മതത്തെ ഉപയോഗപ്പെടുത്തി മനുഷ്യരെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകുവാനുള്ള ശ്രമങ്ങളാണ് ഭരണകൂടങ്ങളും പൗരോഹിത്യ സമൂഹവും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ സാമൂഹിക നിരീക്ഷകനും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റ് സമ്മേളനത്തിൽ ജനാധിപത്യം മതം യുവത്വം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിൻ്റെ പകർച്ച എന്ന നിലയ്ക്കാണ് മതങ്ങൾ ചരിത്രത്തിലേക്ക് പ്രവേശിച്ചത്.മതങ്ങളുടെ ആവിർഭാവം മനുഷ്യരുടെ അതിജീവനവുമായി ബന്ധപ്പെട്ടാണ്. അവ മനുഷ്യർക്കിടയിലെ അനീതിക്കെതിരെയുള്ള ശബ്ദമായിരുന്നു. കാലക്രമത്തിൽ ഭരണകൂടങ്ങളും അധികാരി വർഗ്ഗങ്ങളും അടിച്ചമർത്തലിനുള്ള പ്രത്യയ ശാസ്ത്ര ഉപാധിയാക്കി മതത്തെ പരുവപ്പെടുത്തുകയായിരുന്നു. സാമ്രാജ്യത്വത്തിൻ്റെ ഭരണഘടനയും നിയമാ വലിയുമായി മതത്തെ മാറ്റി. ഇതിൻ്റെ തുടർച്ചയായാണ് മതത്തെ രാഷ്ട്രമാക്കുക എന്ന വാദം ഉന്നയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി കെ മുരളി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഗുലാബ് ജാൻ, ജില്ലാ കമ്മിറ്റി അംഗം സുഗത കുമാരി, കെ ടി ശേഖർ, സുരേഷ് അക്ഷരി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ : സുരേഷ് അക്ഷരി ( പ്രസിഡണ്ട്), ശ്രീന എൻ ടി ( വൈസ് പ്രസിഡണ്ട് ), കെ ടി ശേഖർ ( സെക്രട്ടറി ), റംഷാദ് മാസ്റ്റർ ( ജോയിൻ്റ് സെക്രട്ടറി ), ശശികുമാർ അത്തോളി (ട്രഷറർ )

