അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് തിരിച്ചു പിടിച്ചതിൻ്റെ ആവേശത്തിരകളുമായി ഇടതു മുന്നണി നടത്തിയ വിജയാഹ്ളാദറാലി അത്തോളിയെ പ്രകമ്പനം കൊള്ളിച്ചു. അടുത്ത കാലത്തൊന്നും അത്തോളി അങ്ങാടി ദർശിച്ചിട്ടില്ലാത്ത ജനസഞ്ചയമാണ് മണിക്കൂറുകളോളം നീണ്ട വിജയാഹ്ളാദ റാലിയിൽ അണിനിരന്നത്.

വൈകീട്ട് 5.30 ന് കൊടശ്ശേരിയിൽ നിന്നാണ് റാലിക്ക് തുടക്കം കുറിച്ചത്. മൊടക്കല്ലൂർ, തോരായി, വേളൂർ പ്രദേശങ്ങളിൽ നിന്നുള്ള പ്രവർത്തകർ അണിചേർന്ന് നീങ്ങിയ റാലിയിൽ അത്തോളി ഹൈസ്കൂളിന് സമീപത്തു വച്ച് കണ്ണിപ്പൊയിൽ, അത്തോളിക്കാവ്, കുനിയിൽ കടവ്, കൊങ്ങന്നൂർ, അത്താണി, വി.കെ. റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർ കൂടി ചേർന്നതോടെ റാലി മഹാറാലിയായി മാറി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മെംബർമാർ റാലിയുടെ മുൻ നിരയിൽ അണിനിരന്നു.

സ്ത്രീകളും യുവതീ യുവാക്കളുമുൾപ്പെടെ പാട്ടും ഡാൻസുമായി മുന്നേറിയ റാലി വീക്ഷിക്കാൻ വൻ ജനാവലിയാണ് റോഡിന് ഇരുവശങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലുമായി തടിച്ചു കൂടിയത്. വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കാൻ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചു. കിലോമീറ്ററുകൾ താണ്ടിയ റാലി രാത്രി പത്തുമണിയോടെ അത്തോളി അത്താണിയിൽ സമാപിച്ചു. ഇടതുമുന്നണി നേതാക്കളായ പി.എം. ഷാജി, മുരളി മാസ്റ്റർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

