നടുവണ്ണൂർ : വാക്കിലും പ്രവൃത്തിയിലും കാപട്യ രഹിതമായ ധീരതയും സമർപ്പണവും പുലർത്തിയ കലാകാരൻമാരും സാഹിത്യകാരൻമാരുമാണ് കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് ദിശാബോധം പകർന്നവരെന്ന് ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കിത്താബ് ഫെസ്റ്റിൻ്റെ ഭാഗമായി നടുവണ്ണൂരിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പ്രവർത്തനം പുതിയ കാലത്ത് സമൂഹം ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാസാഹിത്യ പ്രതിഭകൾ പങ്കെടുത്ത എഴുത്തു വഴിയിലൂടെ എന്ന അനുഭവങ്ങൾ പങ്കു വെച്ചുള്ള പരിപാടി ശ്രദ്ധേയമായി.
രാജൻ നരയം കുളം അധ്യക്ഷത വഹിച്ചു. യുവകല സാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, യുവകലാസാഹിതി ജില്ലാ സെകട്ടറി കെ. വി സത്യൻ , പൃഥ്വീരാജ് മൊടക്കല്ലൂർ, ലീനാ കുമാരി ടീച്ചർ, മജീദ് ശിവപുരം എന്നിവർ ആശംസാപ്രസംഗം നടത്തി.
ഷാർജാ പുസ്തകോത്സവത്തിൽ കവിത അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ ആരോമൽ, രാധാ പുതിയേടത്ത്, മാലതി ചിത്തിര, പ്രദീപ് ഇന്ദുലേഖ, യൂസഫ് നടുവണ്ണൂർ, സുധൻ നൻമണ്ട, നിഖിലേഷ് നടുവണ്ണൂർ, ദേവദാസ് നന്മണ്ട, രഞ്ജിത്ത് നടവയൽ, വിജയൻ കണ്ണാടിപ്പൊയിൽ തുടങ്ങിയവർ കവിതകളും കഥകളും അവതരിപ്പിച്ചു.

