കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ കോടികൾ വിലയുള്ള തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്) കുടുങ്ങി. കൊയിലാണ്ടി കൊല്ലത്താണ് മത്സ്യതൊഴിലാളികള്‍ക്ക് തിമിംഗല ഛര്‍ദി ലഭിച്ചത്. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥയിലുള്ള ഗ്യാലക്സി വള്ളത്തില്‍ പോയവർക്കാണ് ‘നിധി’ കിട്ടിയത്. എന്നാൽ അവർക്ക് അത് പ്രയോജനപ്പെട്ടില്ല.
തങ്ങള്‍ക്ക് ലഭിച്ചത് അപൂര്‍വ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വള്ളം കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിയ ഉടനെ അവ പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. സ്പേം തിമിംഗലങ്ങള്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയായതിനാല്‍ ഇന്ത്യയില്‍ തിമിംഗല ഛര്‍ദി വില്പന നടത്താന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം അനുവാദമില്ല.

കടലിലെ നിധി, ഒഴുകുന്ന സ്വർണ്ണം എന്നും ഇതിന് പേരുണ്ട്. തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണിത്. ഔഷധ നിർമാണത്തിനായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ആയിരം വർഷത്തിലേറെയായി ആംബർഗ്രിസ് ഉപയോഗിക്കപ്പെടുന്നു. സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പശ എന്ന നിലയിൽ സുഗന്ധദ്രവ്യവിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലയുണ്ട്.
