അത്തോളി: കൊങ്ങന്നൂരിലേയും പരിസര പ്രദേശങ്ങളിലേയും ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്.
അത്തോളി ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അത്താണി ആനപ്പാറ റോഡ് വർഷങ്ങളായി പെട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കിഴക്കയിൽ ക്ഷേത്രം ആനപ്പാറ റോഡ്, പറക്കുളം കുട്ടോത്ത് റോഡ്, വാളാഞ്ഞ് കണ്ടി അമ്പലം റോഡ്, കാഞ്ഞിരത്തിൽ റോഡ്, കൊങ്ങന്നൂർ എൽ.പി സ്കുൾ അങ്കണവാടി റോഡ് ,പുല്ലില്ലാമല ഫുട്പാത്ത്, കളത്തിൽ റോഡ്, കുണ്ട്യാടത്ത് താഴെ റോഡ് ഉൾപ്പെടെ പ്രദേശത്തെ തകർന്നു കിടക്കുന്ന മറ്റ് റോഡുകളും അടിയന്തിരമായി അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഓരോ വർഷവും റോഡ് മെയിൻറനൻസിന് സർക്കാർ അനുവദിക്കുന്ന ലക്ഷക്കണക്കിന് രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുയാണ് പഞ്ചായത്ത് ചെയ്തിരിക്കുന്നത്. തെരുവ് വിളക്ക് പരിപാലനത്തിലും കടുത്ത വേനലിൽ കുടിവെള്ള വിതരണം നടത്തുന്നതിലും, തെരുവ് നായകളെ നിയന്ത്രിക്കുന്നതിലുമുള്ള പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെയും പൊതുമരാമത്ത് പ്രവൃത്തിയിലെ ക്രമക്കേടുകൾക്കെതിരെയുമുള്ള സമര പ്രഖ്യാപനം ഏപ്രിൽ 18 ന് നടക്കും.

സി.പി.എം അത്തോളി ലോക്കൽ സെക്രട്ടറി പി.എം ഷാജി ഉദ്ഘാടനം ചെയ്യും. ഏരിയാ കമ്മറ്റി അംഗം കെ.ശോഭ ടീച്ചർ, എം ജയകൃഷ്ണൻ എന്നിവർ സംസാരിക്കും. ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ശശികുമാർ, കെ.വി രവീന്ദ്രനാഥൻ, സി.പിഎം കൊങ്ങന്നൂർ പ്രദേശത്തെ ബ്രാഞ്ച് സെക്രട്ടറിമാരായ എൻ.രജിത, പി.എം ഷെമീർ, എൻ.എം ഗോപാലൻ, കെ.പി പ്രദീപൻ, കെ.എം സുരേഷ്, കെ.പി പ്രഭീഷ് എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു
