അന്യം നിന്നു പോകുന്ന നാടൻ കലാ രൂപമായ കോൽക്കളിയെ സംരക്ഷിച്ച് പരിപോഷിപ്പിക്കാൻ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിശീലന പദ്ധതി. വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായാണ് കോൽക്കളി പരിശീലനം ആരംഭിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ നടന്ന ചടങ്ങിൽ
പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള നാടൻ വിനോദമാണ് കോൽക്കളി. കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ കോൽക്കളിക്ക് ഉണ്ട്. മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഇടയിൽ പ്രചാരത്തിലുള്ള ഈ കലാരൂപത്തിന് പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്.
എട്ടൊ പത്തോ ജോഡി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു.
കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ മാപ്പിള കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു.

പുതു തലമുറയിൽ നിന്നു അകന്നു പോകുന്ന നാടൻ കലാരൂപത്തെ സംരക്ഷിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള ദൗത്യമാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ടി.എം രജില, വനിത ക്ഷേമ ഓഫീസർ ബിന്ദു, എന്നിവർ സംസാരിച്ചു.വജ്രജൂബിലി ഫെല്ലോഷിപ്പ് കോ: ഓർഡിനേറ്ററും പരിശീലകനുമായ ഫാസിൽ സ്വാഗതവും പ്രൊജക്ട് അസിസ്റ്റൻറ് സിൻസി രാജ് നന്ദിയും പറഞ്ഞു.
