കെ. ഗണേശൻ
” നില്ക്കിൻ; ഞാനൊന്നു ചോദിക്കട്ടെ. ആരാ നെൽക്കതിർ കൊണ്ടുവന്നത് ?”
” കോഴിയമ്മ” എന്ന് എലിക്കുട്ടികൾ പറഞ്ഞു.
” ആരാ നെല്ലുകുത്തി അരിയാക്കിയത് ?”
” കോഴിയമ്മ”
” ആരാ അരി പൊടിച്ചത്?”
” കോഴിയമ്മ”
” ആരാ അപ്പം ചുട്ടത് ?”
” കോഴിയമ്മ”
” എന്നാലേ, കോഴിയമ്മ തന്നെ അപ്പം തിന്നോളാം. നിങ്ങൾ പോയി മുറ്റത്തെ മണ്ണു തിന്നിൻ. കള്ളൻമാരേ,
കടന്നുപോവിൻ” എന്നു കോഴിയമ്മ തീർത്തു പറഞ്ഞു.
പൂവൻ കോഴി ” ഭേഷ്!”
“ഭേഷ് !” എന്നു കൂവി.
എലിക്കുഞ്ഞുങ്ങൾ ഒന്നും മിണ്ടാതെ നിന്നു. അപ്പോൾ പൂവൻ കോഴി പറഞ്ഞു:
“പത്തായം പെറും; ചക്കി കുത്തും; അമ്മ വയ്ക്കും; ഉണ്ണി ഉണ്ണും എന്നു വിചാരിച്ചിരുന്നാൽ ഇനി വായിൽ മണ്ണു തന്നെ. കള്ളൻമാരേ, കടന്നുപോവിൻ!”
പാഠം 2. ‘ മടിയൻ മണ്ണു തിന്നും’ കഥയിലെ അവസാന ഭാഗമാണിത് അല്ലേ….
1973 മുതൽ ഓരോ വർഷവും രണ്ടാം ക്ലാസിലൂടെ കടന്നുപോയവർക്കെല്ലാം
ഗൃഹാതുരത്വമുണർത്തുന്ന ഒരു സ്കൂളോർമ്മയാകുമിത്.
കാരണം ജൂൺ മാസത്തിൽ
പുതുമണം മാറാത്ത പുസ്തകം കൈയിലേന്തി
ഗുരുമുഖത്തു നിന്നും ഉതിർന്നു വീഴുന്ന വാക്കുകൾക്ക് ഏറെ കൗതുകത്തോടെ കാതുകൂർപ്പിച്ച് ഉള്ളിലൊരു വാങ്മയ ചിത്രം രചിച്ചു കൊണ്ടാവും അന്ന് ഏവരും കഥാസ്വാദനത്തിന്റെ കൊടുമുടി കയറിയിട്ടുണ്ടാവുക.
ഞാൻ രണ്ടാം ക്ലാസിൽ പഠിച്ചത് ഇതിനു മുമ്പത്തെ
” തൂമ തൂകുന്ന തൂമരങ്ങൾ
തോളും തോളുമുരുമ്മി നിന്നും” എന്ന പ്രാർത്ഥന ഗാനത്തോടെ തുടങ്ങുന്ന പുസ്തകമായിരുന്നു. എന്നാൽ എന്റെ സഹോദരങ്ങളായ സുരേഷ്, ദിനേശ്, ഷെർളി എന്നിവർ
‘മടിയൻ മണ്ണു തിന്നും’ എന്ന ഈ പാഠം പഠിക്കാൻ അവസരം ലഭിച്ചവരാണ്. അവർ ഈ കഥ ഉച്ചത്തിൽ ഉരുവിടുന്നത് പല തവണ കേട്ടിട്ടുണ്ടെങ്കിലും എന്നെ ഏറെ ആകർഷിച്ചത്
കണ്ണിപ്പൊയിൽ സ്കൂളിലെ
അപ്പു മാസ്റ്റർ ഈ കഥ ക്ലാസിൽ അവതരിപ്പിക്കുന്നതാണ്. അകലെയിരുന്നു കൊണ്ട് ഞാനത് പല തവണ ആസ്വദിച്ചിട്ടുമുണ്ട്.
1973 ൽ കണ്ണിപ്പൊയിൽ സ്കൂളിനു
സമീപത്ത് താമസമാക്കിയതോടെ ഇവിടുത്തെ പല അധ്യാപകരും ഏറെ രസകരമായി ക്ലാസ്സെടുക്കുന്നത് ഞങ്ങൾക്ക് വീട്ടിലിരുന്ന് കേൾക്കാൻ കഴിയുമായിരുന്നു. അങ്ങനെയാണ് അപ്പു മാസ്റ്റർ തന്റെ ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ ക്ലാസ്സിൽ അവതരിപ്പിക്കാറുള്ള മുകളിൽ ഉദ്ധരിച്ച കോഴിയമ്മയുടെയും എലിക്കുഞ്ഞുങ്ങളുടെയും കഥ എന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത്.
ആരാണ് നെല്ല് കുത്തിയത് എന്ന് മാഷ് ക്ലാസിൽ നിന്ന് ഉറക്കെ ചോദിക്കുമ്പോൾ കഥ ചിരപരിചിതമായതിനാൽ ഞാൻ വീട്ടിലിരുന്ന് ആ ക്ലാസ് ആസ്വദിച്ചു കൊണ്ട് അറിയാതെ “കോഴിയമ്മ” എന്ന് മന്ത്രിച്ചു പോകും. തുടർന്ന് എലിക്കുഞ്ഞുങ്ങളോടുള്ള ഓരോ ചോദ്യത്തിനും ഞാനുത്തരം പറയുമെന്നു മാത്രമല്ല, “കള്ളൻമാരേ കടന്നുപോവിൻ” എന്ന അവസാന ഭാഗം മാഷ് ഉരുവിടുന്നതിൻ മുമ്പേ ഞാൻ അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞിരിക്കും. തുടർന്ന് അദ്ദേഹം അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രതിപാദിക്കുക മാത്രമല്ല
വേല ചെയ്യാത്തവന് ഊണില്ല എന്നും മേലനങ്ങാതെ ഉണ്ണാമെന്ന ചിന്ത വച്ചുപുലർത്തുന്നത് നല്ലതല്ലെന്നും വിശദീകരിച്ചു കൊണ്ടാണ് ക്ലാസ് അവസാനിപ്പിക്കുക. അപ്പുമാസ്റ്ററുടെ ശിഷ്യന്മാരിൽ ഒരാളാവാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ എന്നും എന്റെ മനസ്സിൽ ആദ്യം ഉയിർകൊള്ളുന്നത് ഈകഥ തന്നെയാണ്.

1982 മുതൽ 85 വരെയുള്ള എന്റെ ബിരുദ പഠനകാലത്ത് മധ്യവേനലവധിയാകുമ്പോൾ
യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി
പകൽ സമയങ്ങളിൽ സ്കൂളിലെ
ഒരു ക്ലാസ് മുറിയായിരുന്നു എന്റെ പഠനയിടം.
പതിവു ബഹളങ്ങളൊന്നുമില്ലാത്ത തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ തന്റെ ജോലിയിൽ മുഴുകികൊണ്ട് പ്രധാനാധ്യാപകനായ അപ്പു മാസ്റ്ററും ഉണ്ടാകും കുറച്ചകലെയുള്ള ഓഫീസ്റൂമിൽ.
ഇടയ്ക്ക് അദ്ദേഹത്തിന്റെ ഇളയ മകൻ ബിജുരാജും കൂട്ടിന് എത്താറുണ്ടായിരുന്നു.
ഒരു ദിവസം പതിനൊന്നു മണി കഴിഞ്ഞപ്പോൾ മാഷിന്റെ മകൻ ചായയും ഒരു കഷണം പുട്ടുമായി ക്ലാസ് മുറിയിലിരുന്ന് പഠിക്കുന്ന എന്റെ മുന്നിലെത്തി. സ്കൂളിനു മുമ്പിലുള്ള ഞങ്ങളുടെ കടയിൽ നിന്ന് ഓർഡർ ചെയ്ത് കൊണ്ടുവന്നതാണിതെന്ന് എനിക്കറിയാം.
വിളിപ്പാടകലെയുള്ള വീട്ടിൽ പോയി സമയാസമയം ഭക്ഷണം കഴിച്ച് സ്കൂളിൽ വന്നിരിക്കുന്ന എനിക്കിത്
എത്തിച്ചുതരേണ്ട ഒരാവശ്യവുമില്ലല്ലോ.
വല്ലാത്തൊരു ഉള്ളുരുക്കമാണ് ആ നിമിഷത്തിൽ ഞാൻ അനുഭവിച്ചത്. എങ്കിലും
ക്ലാസ് മുറിക്കും പാഠപുസ്തകത്തിനു മപ്പുറമുള്ള പുതിയൊരു ജീവിതപാഠം സംവേദനം ചെയ്ത സന്ദർഭം തന്നെയായിരുന്നു ഇത്.
തന്റെ യൗവന കാലം മുതൽ വോളിബോൾ രംഗത്ത് സജീവമായിരുന്ന അപ്പുമാസ്റ്റർ അത്തോളിയിൽ വോളിബോൾ കളിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ്. മികച്ച കളിക്കാരനായി വളർന്ന അദ്ദേഹത്തിന് 1950 കളിലും 60 കളിലും
കോഴിക്കോട്, കണ്ണൂർ തുടങ്ങി മലബാറിലെ
വിവിധയിടങ്ങളിലെ കളിക്കളങ്ങളിൽ തന്റെ പ്രതിഭ തെളിയിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി.
മികച്ച ഒരു ഡിഫന്ററായിരുന്ന അപ്പുമാസ്റ്റർ എതിരാളികളുടെ കളത്തിൽ മിന്നൽപിണർ കണക്കെ സ്മാഷുകളുതിർക്കാൻ സഹായകമായ രീതിയിൽ അളന്നുതൂക്കിയുളള ലിഫ്റ്റ് നൽകി കൊണ്ടും അവസരത്തിനൊത്ത് പ്രയോഗിച്ച പ്ലെയ്സിങ് തന്ത്രത്തിലൂടെയും കാണികൾക്കെന്നും ആവേശം പകർന്നിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് നടന്ന ഒരു മദ്രാസ് പ്രൊവിൻഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്തും അദ്ദേഹം തന്റെ മികവിന് മാറ്റുകൂട്ടി. അങ്ങനെ
‘ശശിപുരം പി. അപ്പു നമ്പ്യാർ’ ക്ക് വോളിബോൾ പ്രേമികൾ സ്നേഹപൂർവ്വം ‘ഒളിമ്പിക് നമ്പ്യാർ’ എന്ന അപരനാമവും ചാർത്തികൊടുത്തു എന്നതു ചരിത്രം.
കളിക്കളം വിട്ടിട്ട് വർഷങ്ങളായിരുന്നെങ്കിലും
എൺപതുകളിൽ പ്രധാനാധ്യാപകനായിരുന്ന പ്പോൾ ചില സായാഹ്നങ്ങളിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഞങ്ങൾക്ക് വോളിബോൾ കളിയുടെ ബാലപാഠങ്ങൾ പകർന്നു തരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഫിംഗറിങ്ങിന്റെ രീതി മനസ്സിലാക്കാൻ പന്തിൽ അദ്ദേഹത്തിന്റെ വിരൽ സ്പർശമേൽക്കുന്നത് അന്ന് ഞങ്ങൾ ഏറെ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു.
അത്തോളി അത്താണിക്ക് കിഴക്കുഭാഗത്തുള്ള ഓട്ടമ്പലത്തിലെ വീട്ടിൽ നിന്ന് പൂക്കോട് വഴി കാൽനടയായാണ് ആദ്യ കാലത്ത് അദ്ദേഹം സ്കൂളിലെത്തിയിരുന്നത്. വഴിയിൽ കണ്ടുമുട്ടുന്ന ശിഷ്യഗണങ്ങളോടും രക്ഷിതാക്കളോടും സൗഹൃദം പങ്കുവച്ചായിരുന്നു ആ യാത്ര.
1985 ൽ സർവ്വീസിൽ നിന്നും വിരമിച്ച അപ്പുമാസ്റ്റർ 1990 ജനുവരി 26 ന് ജീവിതമാകുന്ന കളിക്കളത്തോട് വിട പറഞ്ഞു.
അക്ഷരങ്ങൾ കൈപിടിച്ചെഴുതിയും മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥകൾ പറഞ്ഞും അറിവിന്റെ ലോകത്തേക്ക് നമ്മെ വഴി നടത്തിച്ച എടക്കര കൊളക്കാട് എ.യു.പി. സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പലരും കഥാവശേഷരായെങ്കിലും നമ്മുടെയെല്ലാം ഓർമ്മകളിൽ അവരിന്നും ഒളിമങ്ങാതെ നിലകൊള്ളുന്നുണ്ടാവും.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ തീർച്ചയായും അതവർക്കുള്ള ഒരു ശ്രദ്ധാഞ്ജലി കൂടിയാകും.

ഒരു വട്ടം കൂടി
കണ്ണിപ്പൊയിൽ പ്രദേശത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൽ നിറദീപമായി നിലകൊള്ളുന്ന എടക്കര കൊളക്കാട് എ.യു.പി. സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഫെബ്രുവരി 16 ന് ഞായറാഴ്ച
ഒരു വട്ടം കൂടി എന്ന പേരിൽ പൂർവ്വാധ്യാപക വിദ്യാർത്ഥി സംഗമം നടത്തുന്നു.
മൂന്ന് മണിക്ക് നടക്കുന്ന പരിപാടി ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ചെറുവോട്ടുകുന്നത്ത് ജാനകിയമ്മ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര ഗാന രചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തും. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ റിജേഷ് അദ്ധ്യക്ഷത വഹിക്കും. ഹെഡ് മാസ്റ്റർ പി.കെ രാധാകൃഷ്ണൻ, ജോബി മാസ്റ്റർ, പന്തലായനി ബ്ലോക് പഞ്ചായത്ത് മെംബർ സുധ കാപ്പിൽ, ശ്രീധരൻ പാലക്കൽ, കെ.വി. ഉഷാകുമാരി തുടങ്ങിയവർ സംസാരിക്കും.
