അത്തോളി: അധികാരത്തിനു വേണ്ടി വർഗ്ഗീയ വാദികൾ യോജിച്ചിരിക്കുന്നു എന്നതാണ് കേരളത്തിൻ്റെ ഇപ്പോഴത്തെ ദൗർഭാഗ്യമെന്ന് സി.പി എം നേതാവ് പി. ജയരാജൻ പറഞ്ഞു. കണ്ണിപ്പൊയിലിൽ എം കെ കൃഷ്ണൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിലെത്തിയാൽ വലതുപക്ഷത്തിൻ്റെ അടിത്തറ തകരും. അതുകൊണ്ട് ഏത് വിധേനയും അധികാരത്തിലെത്താനുള്ള ശ്രമമാണ് അവർ നടത്തുന്നത്. കോലീബി സഖ്യമുണ്ടാക്കിയവരാണ് സി.പി എമ്മിനെതിരെ വർഗ്ഗീയത ആരോപിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി എമ്മിനെ ന്യൂനപക്ഷ വിരൂദ്ധരായി ചിത്രീകരിക്കുന്നു. സി.പി. എം ഒരു മതവിശ്വാസത്തിനും എതിരല്ല. വർഗ്ഗീയ വാദത്തിനെയാണ് എതിർക്കുന്നത്.
കോൺഗ്രസുകാർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തിരിക്കുമ്പോഴാണ് പോറ്റിയെ കേറ്റിയത്. ശബരിമലയിലെ സ്വത്ത് മോഷ്ടിച്ചവരെ സംരക്ഷിക്കുന്ന നിലപാട് സി.പിഎമ്മിനില്ല.വികസന ക്ഷേമ പ്രവർത്തങ്ങൾ ഈ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഉണ്ടായ പോലെ മറ്റൊരു കാലത്തുമുണ്ടായിട്ടില്ലെന്നും പി. ജയരാജൻ പറഞ്ഞു.
എം. രാധാകൃഷ്ണൻ മാസ്റ്റർ, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ സുമേഷ്, ലോക്കൽ സെക്രട്ടറി പി.എം ഷാജി, പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു.
