മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ (81) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യ :ലളിത. മകൾ: ലക്ഷ്മി. മകൻ: ഗായകൻ കൂടിയായ ദിന നാഥൻ.
കേരള സർക്കാരിൻ്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒരു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും
അഞ്ച് തവണ കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തമിഴ് നാട് സർക്കാർ കലൈ മാമണി പട്ടം നൽകി ആദരിച്ചിട്ടുണ്ട്. നാല് തവണ തമിഴ് നാട് സർക്കാരിൻ്റെ പുരസ്കാരത്തിന് അർഹനായി.
മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണ്ണ ഗോപുര നർത്തകീ ശില്പം, അനുരാഗ ഗാനം പോലെ, എന്തേ ഇന്നും വന്നീല തുടങ്ങി മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന നിരവധി ഗാനങ്ങൾ ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, സ്മൃതി തൻ ചിറകിലേറി തുടങ്ങി ഹൃദയസ്പർശിയായ നിരവധി ലളിത ഗാനങ്ങളും ആലപിച്ചു. തമിഴിൽ രാസത്തി ഉന്നൈ കാണാത് നെഞ്ചം എന്ന ഗാനം ജയചന്ദ്രൻ്റെ എക്കാലത്തേയും ഹിറ്റാണ്.
എറണാകുളം തൃപ്പുണിത്തറ കോവിലകത്തെ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ്റേയും പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മകനായാണ് ജനനം. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ സമ്മാനങ്ങൾ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു
