അത്തോളി : പാട്ടും കവിതയും ചിത്രങ്ങളും പ്രഭാഷണങ്ങളും ഒന്ന് ചേർന്ന് അത്തോളി അത്താണിയിൽ ഇന്നലെ സന്ധ്യയിൽ ഉയർന്നത് പ്രതിഷേധത്തിൻ്റെ തീജ്വാല. ജനാധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി പി എമ്മും വർഗ്ഗ ബഹുജന സംഘടനകളും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു വേറിട്ട രീതിയിലുള്ള പ്രതിഷേധ പരിപാടി.

നരേന്ദ്ര മോദി സർക്കാറിൻ്റെ ഭരണകൂട ഭീകരതയ്ക്ക് പ്രത്യക്ഷ ഉദാഹരണമാണ് ജന്തർമന്തറിൽ സമരക്കാർക്ക് നേരെ ഡൽഹി പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത സി പി എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. കോൺഗ്രസിന് കേരളത്തിൽ ബി ജെ പി യോട് ദേശീയ തലത്തിലെ നിലപാടല്ല. ഇവിടെ പ്രത്യേക കൂട്ടുകെട്ടാണ്. ഗ്യാനേഷ് കുമാറിൻ്റെ സഹായിയായിരുന്ന രത്തൻ ഖേൽക്കറിനെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രൈവറ്റ് സെക്രട്ടറിയായി വെച്ചിരിക്കുന്നത്. ഇദ്ദേഹമാണ് കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ ജനം കൃത്രിമത്വം സംശയിക്കുന്നതായും എം മെഹബൂബ് പറഞ്ഞു.

നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരമാണ് ഡൽഹിയിൽ നടക്കുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെംബർ എം ഗിരീഷ് പറഞ്ഞു.
വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകർ അത്തോളി അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി സമര വേദിയിൽ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിച്ചു.
വി എം മനോജ്, സുബേഷ് പത്മനാഭൻ , വി എം സൂര്യകാന്ത് എന്നിവർ നീളൻ കാൻവാസിൽ ചിത്രങ്ങൾ വരച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എം റംഷാദ്, ഷിജിൻ, കെ ടി ശേഖർ, രാജീവ് ചേമഞ്ചേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു. ശിവാനന്ദൻ തിരുവങ്ങൂർ ഒരുക്കിയ തുടിയുടെ അങ്കമ്പടിയിൽ അഷ്റഫ് ചീടത്തിൽ കടമ്മനിട്ടക്കവിത ചൊല്ലി. പ്രാദേശിക ഗായികാ ഗായകൻമാരുടെ വിപ്ലവ , നാടക ഗാനങ്ങൾ പ്രതിഷേധ പരിപാടിയുടെ ആവേശമായി.

സി പി എം അത്തോളി ലോക്കൽ സെക്രട്ടറി പി എം ഷാജി, അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ, സഫ്ദർ ഹഷ്മി എന്നിവർ സംസാരിച്ചു.
ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ് അദ്ധ്യക്ഷത വഹിച്ചു. പ്രണവ് ( എസ് എഫ് ഐ ) നന്ദി പറഞ്ഞു

