അത്തോളി: അത്തോളി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അത്തോളി പൊലീസ് വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു. വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുറ്റാരോപിതരെപ്പറ്റി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി അനുസരിച്ചാണ് കേസ്. ജൂലൈ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ത്ഥി സമരത്തെതുടര്‍ന്ന് ക്ലാസ് വിട്ടപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. സ്കൂളിന് അല്പം മാറിയുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. പാട്ടുപാടാനം നൃത്തം ചെയ്യാനും ആവശ്യപ്പെടുകയാണ് ആദ്യം ചെയ്തത്. അത് പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് സീനിയര്‍ ടീം മര്‍ദ്ദിച്ചത്. സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. വിദ്യാര്‍ത്ഥിയുടെ തലക്കും വയറിനും ഷൂ ഇട്ട് ചവുട്ടിയതായി പറയുന്നു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
കുട്ടിക്ക് സാരമായ പരിക്കേറ്റിരുന്നു. ഞായറാഴ്ച മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. അതിനെ തുടര്‍ന്ന് ഇന്ന് മൊഴിയെടുക്കുകയായിരുന്നു.
നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.
സ്കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നതിനാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാടാണ് അധ്യാപക-രക്ഷാകര്തൃസമിതിയുടേത്. പി.ടി.എ യുടെ
നിലപാടിൽ രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രതിഷേധ സ്വരമുയർന്നിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ വാർത്തയായ സംഭവം സ്കൂളിന് വലിയ നാണക്കേടാണ് വരുത്തി വച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികളെ ലക്ഷ്യമാക്കി ക്രിമിനൽ സംഘങ്ങൾ മയക്കുമരുന്ന് വിപണനം നടത്തുന്നുണ്ടെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ ഈ അദ്ധ്യയനവർഷം കൂടുത ജാഗ്രത പുലർത്താൻ സ്കൂൾ അധികൃതർ തയാറായിരുന്നു. വിദ്യാർഥികളിൽ അച്ചടക്കം കൊണ്ടുവരാനുളള പരിശ്രമങ്ങളും നടന്നിരുന്നു. ഇതിനിടയിലാണ് വിദ്യാർത്ഥികളുടെ അക്രമ സംഭവം ഉണ്ടായിട്ടുള്ളത്. ഈ വിഷയത്തെ ഗൗരവപൂർവം ചർച്ച ചെയ്ത് ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പി. ടി. എ തയ്യാറാവണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.
പൊലീസ് വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന
