അത്തോളി: അത്തോളി ജി.വി.എച്ച് എസ് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്ത സാമൂഹ്യ മാധ്യമം വഴി പ്രചാരണം നടത്തിയവർക്കെതിരെ സ്കൂൾ അധികൃതർ നിയമ നടപടിക്കൊരുങ്ങുന്നു. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധികാരികൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രസ്താവന ചുവടെ:
നമ്മുടെ വിദ്യാലയത്തിൽ കഴിഞ്ഞ ആഗസ്റ്റ് 14 ന് നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്, എല്ലാ നിയമാവലികളും പാലിച്ച് സ്കൂൾ അധികാരികളുടെ മേൽനോട്ടത്തിൽ വളരെ കൃത്യമായും സുതാര്യമായും നടത്തുകയും സ്കൂൾ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ആഗസ്ത് 16ന് , സ്കൂൾ തെരഞ്ഞെടുപ്പ് ചില അധ്യാപകർ ചേർന്ന് അട്ടിമറിച്ചു എന്ന തീർത്തും അടിസ്ഥാന രഹിതമായതും അധ്യാപകരെ പേരെടുത്തു അപകീർത്തിപ്പെടുത്തുന്ന വാർത്ത അത്തോളി പ്രദേശത്തെ വാട്സാപ്പ് പോർട്ടലിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വാർത്ത
തീർത്തും സത്യവിരുദ്ധമാണെന്ന് അറിയിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾ ക്ക് ജനാധിപത്യ സംവിധാനങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വളരെ സുതാര്യവും കുറ്റമറ്റ രീതിയിലും തെരഞ്ഞെടുപ്പ് നടത്തിയ സ്കൂളിനും അധ്യാപകർക്കും എതിരെയുള്ള ഈ വ്യാജ വാർത്തക്കെതിരെ സ്ഥാപന മേലധികാരികൾ എന്ന നിലയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ഒപ്പം
സ്കൂളിനെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തുന്ന സത്യ വിരുദ്ധ വാർത്ത പ്രസിദ്ധീകരിച്ച പോർട്ടൽ അധികൃതർ തെറ്റ് തിരുത്തി ഈ നിഷേധക്കുറിപ്പ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം വാർത്ത പ്രസിദ്ധീകരിച്ച വാട്സാപ്പ് പോർട്ടലിനെതിരെയും നടത്തിപ്പുകാരനായ വ്യക്തിക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതരാവുമെന്ന വിവരം അറിയിക്കുകയും ചെയ്യുന്നു. –
പ്രിൻസിപ്പൽ (HSS), പ്രിൻസിപ്പൽ (VHSE),
എച്ച് എം
