അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ദുരവസ്ഥയ്ക്ക് കാരണക്കാർ പരസ്പരം പോരടിക്കുന്ന യു ഡി എഫ് ഭരണ സമിതി മെംബർമാരാണെന്ന് ദളിത് ലീഗ് സംസ്ഥാന നേതാവ്. അത്തോളി ഗ്രാമ പഞ്ചായത്തിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും തുറന്നു പറഞ്ഞ് ജനകീയ വികസന മുന്നണിക്ക് രൂപം നൽകിയ വി.എം സുരേഷ് ബാബുവാണ് പ്രവർത്തക കൺവെൻഷനിൽ ആരോപണങ്ങൾ നിരത്തിയത്. സുരേഷ് ബാബു നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വീഡിയോ പ്രാദേശിക സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
പുതുതായി രൂപീകരിച്ച വികസന മുന്നണിയുടെ കൺവീനറാണ് സുരേഷ് ബാബു.
അത്തോളിയിലെ യു.ഡി.എഫ് ഭരണ സമിതി
ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് സുരേഷ് ബാബു കുറ്റപ്പെടുത്തി. രാത്രിയിൽ അത്തോളി അങ്ങാടിക്ക് ഒരു കാടിൻ്റെ പ്രതീതിയാണ്. വെളിച്ചമില്ലാത്ത ഏക അങ്ങാടി അത്തോളി മാത്രമാണ്. അത്തോളിയിലെ ഓരോ റോഡും കുഴികൾ നിറഞ്ഞതാണ്. ഈ അവസ്ഥയ്ക്ക് കാരണം പരസ്പരം പോരടിക്കുന്ന മെംബർമാരാണ്. ജനങ്ങൾക്ക് വേണ്ടി ഒരു വികസനവും നടത്താത്ത ഭരണസമിതിയായി യുഡിഎഫ് ഭരണസമിതി മാറിയെന്നും സുരേഷ് ബാബു ആരോപിച്ചു. തിരുത്തൽ ശക്തിയായി ജനകീയ വികസന മുന്നണി പ്രവർത്തിക്കുമെന്നും മൊടക്കല്ലൂരിൽ നടന്ന കൺവെൻഷനിൽ സുരേഷ് ബാബു പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സ്വന്തം നേതൃത്വത്തിൽ നിന്നുതന്നെയുള്ള തുറന്നു പറച്ചിൽ യു.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. സുരേഷ് ബാബുവിനെതിരെ അടിയന്തര നടപടിയുണ്ടാവണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ലീഗിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ജനകീയ വികസന മുന്നണിയിൽ നേതൃത്വം വഹിക്കുന്ന വാർഡ് മെംബർ വാസവൻ പൊയിലിലിനെ കഴിഞ്ഞ ദിവസം ഡി.സി.സി നേതൃത്വം കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടും യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാനുമായിരുന്ന ഗിരീഷ് മൊടക്കല്ലൂർ ആണ് ജനകീയ വികസന മുന്നണിയുടെ ചെയർമാൻ. നേരത്തെ സസ്പെൻഷനിലായിരുന്ന ഗിരീഷിനെ കോൺഗ്രസ് സംഘടനയിൽ നിന്ന് പുറത്താക്കി. ജനകീയ വികസന മുന്നണിയുമായി സഹകരിച്ച കോൺഗ്രസ് മണ്ഡലം സെക്രട്ടറി രഞ്ജിത് കുമുള്ളിയേയും പുറത്താക്കിയിട്ടുണ്ട്.
