അത്തോളി: ബസ്സുകളുടെ മത്സര ഓട്ടവും റോഡപകടങ്ങളും കൊണ്ട് നിരന്തരം വാർത്തകളിൽ ഇടംപിടിക്കാറുള്ള കോഴിക്കോട്-അത്തോളി-കുറ്റ്യാടി റൂട്ടിൽ നിന്നും മാതൃകാപരമായ ജീവൻ രക്ഷാ വാർത്ത. ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിച്ച “ഒമേഗ” ബസിലെ ജീവനക്കാരാണ് നാട്ടിന് മാതൃകയായത്.
വേളൂർ വെസ്റ്റിലെ നൗഫൽ കുനിയിലും ഭാര്യയും അത്തോളി വേളൂരിൽ നിന്നും കോഴിക്കോടേക്ക് പോകുന്നതിനായി ഒമേഗ ബസിൽ കയറി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ബസ് പാവങ്ങാട് എത്തിയപ്പോൾ നൗഫലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാമെന്ന് കരുതിയെങ്കിലും, സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കിയ ബസ് ജീവനക്കാർ ഒട്ടും സമയം കളയാതെ ബസ് നേരിട്ട് ഫാത്തിമ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.യാത്രക്കാരും ഇതിനോട് പൂർണ്ണമായി സഹകരിച്ചതോടെ, ഗതാഗതക്കുരുക്കുകൾ മറികടന്ന് രോഗിയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചു.കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സ ലഭിച്ച നൗഫൽ സുഖം പ്രാപിച്ചു വരുന്നു.
ബസ് ജീവനക്കാരുടെ ഈ കരുതലിനും സമയരോചിതമായ ഇടപെടലിനും നന്ദി അറിയിച്ചുകൊണ്ട് നാട്ടുകാർ കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തി “ഒമേഗ” ബസിലെ ജീവനക്കാരെ ആദരിച്ചു. അപകട വാർത്തകൾ മാത്രം കേൾക്കാറുള്ള റൂട്ടിൽ മാതൃകയായ ഈ ജീവനക്കാരുടെ പ്രവർത്തി സോഷ്യൽ മീഡിയയിലും വൻ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.

