അത്തോളി: 2026- 27 വാർഷിക പദ്ധതിയിൽ ഭവന പദ്ധതിക്കും അതിദാരിദ്രനിർമ്മാർജ്ജനം രണ്ടാം ഘട്ടം, പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്കും
കാർഷിക ഉൽപാദനവർദ്ധനവിനും പ്രാധാന്യം നൽകാൻ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചേർന്ന അത്തോളി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. യോഗത്തിൽ പ്രസിഡണ്ട് എം.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
കാർഷിക വിളകൾ നശിപ്പിക്കുന്ന ക്ഷുദ്ര ജീവികൾ ക്കെതിരെ നിയമാനുസൃത നടപടി ത്വരിതപ്പെടുത്തും.തരിശ്ശായികിടക്കുന്ന ഭൂമിയിൽ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കൃഷി പ്രോത്സാഹിപ്പിക്കും. മത്സ്യമാർക്കറ്റ് പ്രവർത്തന സജ്ജമാക്കും.
ടൂറിസം വകുപ്പുമായി ആലോചിച്ച് പുഴയോര ടൂറിസം പദ്ധതിയുടെ സാധ്യത പരിശോധിക്കും. സായാഹ്ന വിശ്രമകേന്ദ്രം ഒരുക്കും.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികൾ ഏറ്റെടുത്ത് നഗറുകളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ്.
അർഹരായ വിദ്യാർഥികൾക്ക് പഠനമുറി സൗകര്യം ഉണ്ടാക്കും.
ഘട്ടം ഘട്ടമായി നഗറുകളിലേക്കുള്ള റോഡുകൾ നവീകരിക്കും
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ടുകൾക്ക് പ്രത്യേക ശ്രദ്ധ നൽകും.
നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കുന്നതിനും പുതിയ റോഡുകളുടെ നിർമ്മാണം നടത്തുന്നതിനും നടപടി സ്വീകരിക്കും. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കും . കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിംഗ് നൽകും. പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി നടപ്പാക്കും. ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുള്ള തീവ്രശ്രമം നടത്തും .

പദ്ധതി രൂപീകരണ നിർവഹണ മോണിറ്ററിംഗ് പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് അയൽസഭകൾ, വാർഡ് വികസന സമിതി, ഗ്രാമസഭകൾ എന്നിവയുടെ പ്രവർത്തനങ്ങൾ സജീവമാക്കാനും നടപടി സ്വീകരിക്കും.
വൈസ് പ്രസിഡണ്ട് ഗീതാ മപ്പുറത്ത്, ഉപാദ്ധ്യക്ഷൻ എൻ.പ്രദീപൻ, സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ എസ്.അനിൽ, തഫാന റിജാഷ് എന്നിവർ സംസാരിച്ചു. പ്ളാൻ അസിസ്റ്റൻറ് ദീനീഷ് സ്വാഗതവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. അനിൽകുമാർ നന്ദിയും പറഞ്ഞു.
