അത്തോളി പഞ്ചായത്തിൻ്റെ അനാസ്ഥ
അത്തോളി : അത്താണി ആനപ്പാറ റോഡിലൂടെയുള്ള യാത്ര അതീവ ദുർഘടം. വർഷങ്ങളായി വാഹന യാത്രക്കാരേയും കാൽ നട യാത്രക്കാരേയും ദുരിതത്തിലാക്കി റോഡിൻ്റെ ദുരവസ്ഥ തുടരുകയാണ്. പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ല.
പല തവണ നാട്ടുകാർ പ്രതിഷേധിച്ചിട്ടും പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാര നടപടികളൊന്നുമായില്ല. റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധ ധർണ്ണ നടത്തുകയുണ്ടായി. നേരത്തെ, പൊട്ടിപ്പൊളിഞ്ഞ റോഡിൻ്റെ ഭാഗങ്ങൾ കൊങ്ങന്നൂരിലെ സാംസ്കാരിക സംഘടനയായ സ്പന്ദനം കലാ കായിക വേദിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് പാച്ച് വർക്ക് നടത്തുകയായിരുന്നു. റോഡിലാകെ കുഴികൾ നിറഞ്ഞിരിക്കുകയാണ്.
അത്താണി ഭാഗത്തെ റോഡിലെ കുഴി വെട്ടിച്ചുണ്ടായ അപകടത്തിൽ ട്രാൻസ് ഫോറിൻ ഇടിച്ചാണ് ഇക്കഴിഞ്ഞ മാസം ഒരു ചെറുപ്പക്കാരൻ മരണപ്പെട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതേ സ്ഥലത്ത് വെച്ച് കഴിഞ്ഞ ദിവസമുണ്ടായ കാർ അപകടത്തിൽ അത്ഭുതകരമായാണ് യാത്രക്കാർ രക്ഷപ്പെട്ടത്. യാത്ര ദുഷ്കരമായതിനാൽ പ്രദേശവാസികൾ ഈ റോഡ് ഉപേക്ഷിച്ച് സമീപ റോഡുകളിലുടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.

കഴിഞ്ഞ 5 വർഷമായി പൊട്ടിപ്പൊളിഞ്ഞ ഈ ഭാഗത്ത് കാര്യമായി യാതൊരു റിപ്പയർ പ്രവൃത്തിയും പഞ്ചായത്ത് നടത്തിയിട്ടില്ല. സമീപ റോഡുകളിൽ അറ്റകുറ്റപ്പണി നടക്കുമ്പോഴും അത്താണി ആനപ്പാറ റോഡിനോട് കടുത്ത അവഗണനയുണ്ടെന്നാണ് പരാതി. സമീപ പ്രദേശങ്ങളിലൊന്നും ഇത്രയും മോശമായ റോഡില്ലെന്ന് നാട്ടുകാർ പറയുന്നു.
രണ്ട് ബസ്സുകളും നിരവധി ഓട്ടോറിക്ഷകളും സർവീസ് നടത്തുന്ന റോഡാണിത്. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. വാഹനത്തിൻ്റെ അറ്റ കുറ്റപണികൾക്കായി വലിയ സംഖ്യ ചെലവാക്കേണ്ടി വരുന്നതിനാൽ ബസ് ട്രിപ്പ് പലപ്പോഴും മുടങ്ങുന്ന സാഹചര്യമാണ്. റോഡിലെ അറ്റ കുറ്റ പണി നടത്താതെ ഒരു പ്രദേശത്തെ പൂർണ്ണമായി അവഗണിക്കുന്ന അത്തോളി ഗ്രാമ പഞ്ചായത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൊങ്ങന്നൂർ പ്രദേശവാസികൾ.
