അത്തോളി : സ്പേസ് അത്തോളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അമേരിക്കൻ യാത്രാനുഭവങ്ങളിലൂടെ എന്ന സംവാദ പരിപാടി അമേരിക്കയുടെ രാഷ്ട്രീയ സാമൂഹിക ജീവിത പശ്ചാത്തലം പരിചയപ്പെടുത്തുന്ന ഒന്നായി. അത്തോളി സ്വദേശിയും റിട്ടയേർഡ് ജില്ലാ ജഡ്ജിയുമായ വി പി ജയാനന്ദനാണ് അമേരിക്കൻ സന്ദർശനത്തിൻ്റെ നേരനുഭവങ്ങൾ പകർന്നത്. പത്താം ക്ലാസ് കഴിയുന്നതോടെ രക്ഷിതാക്കളിൽ നിന്ന് വേർപെട്ട് സ്വതന്ത്ര ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവത്വത്തെ കുറിച്ചും ശുചിത്വത്തിന് മുന്തിയ പരിഗണന നൽകുന്ന സാമൂഹിക ജീവിതത്തെ കുറിച്ചും അമേരിക്കൻ ജനതയുടെ രാഷ്ട്രീയ ബോധത്തെ കുറിച്ചും കാലങ്ങൾ കഴിഞ്ഞിട്ടും മായാതെ അവശേഷിക്കുന്ന വിവേചനത്തെ കുറിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു.

പ്രസിഡണ്ട് ബി കെ . ഗോകുൽ ദാസ് അദ്ധ്യക്ഷത വഹിച്ചു. ലോക പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ സജി ജോണിനെ അനുമോദിച്ചു. അന്തരിച്ച ഗായിക എസ് ജാനകിയെ അനുസ്മരിച്ച് ‘മിഴിയോരം നനഞ്ഞൊഴുകി’ എന്ന പേരിൽ ഗാനാർച്ചനയും നടന്നു. ജോബി മാത്യു, അഷ്റഫ് ചീടത്തിൽ, കെ.ടി ശേഖർ, ശ്രീജ പാലാക്കര, കെ.സി വിജയൻ, ദിലീഫ് അത്തോളി, കെ വി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് അക്ഷരി സ്വാഗതവും എം റംഷാദ് നന്ദിയും പറഞ്ഞു.

