അത്തോളി : തീവ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി പച്ചക്കറി വികസന പദ്ധതി പ്രകാരം വീടുകളിൽ പോഷക മൂല്യം കൂടിയ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനു ആവശ്യമായ ഉത്പന്നങ്ങൾ അടങ്ങുന്ന കിറ്റ് കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്നു. 75 ശതമാനം സബ്സിഡിയിൽ ലഭിക്കും. ജനുവരി 5 ന് രാവിലെ 10.30 മുതൽ വിതരണം ചെയ്യും. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ നിർവഹിക്കും. വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത് അധ്യക്ഷത വഹിക്കും.
മുളക്, വഴുതന, തക്കാളി, വെണ്ട 10 എണ്ണം വീതം , അഗത്തി ചീര യും മുരിങ്ങ യും 4 എണ്ണം വീതം , ഡോളോമൈറ്റ് 5 കിലോ , സമ്പൂർണ -വളർച്ച ത്വരകം – 250 ഗ്രാം , സുഡോമോണാസ് – 500 ഗ്രാം , ട്രൈക്കോഡെര്മ – 500 ഗ്രാം, ഫിഷ് അമിനോ ആസിഡ് – 100 മില്ലി, മണ്ണിര കമ്പോസ്റ്റ് – 8 കിലോ, വേപ്പെണ്ണ സോപ്പ് മിശ്രിതം – 100 മില്ലി എന്നിവ അടങ്ങുന്ന കിറ്റിന് 800 രൂപ യാണ് വില. സബ്സിഡിയായ 500 രൂപ കുറച്ച് കർഷകർ അടയ്ക്കേണ്ട തുക 300 രൂപയാണ്. താല്പര്യമുള്ളവർ തനതു വർഷത്തെ നികുതി രസീതിന്റെ കോപ്പി സഹിതം 5 ന് രാവിലെ 10 .30 നു കൃഷി ഭവനിൽ എത്തണം.
കിറ്റിൽ ലഭിക്കുന്നവ ഉപയോഗിക്കുന്ന രീതി :
കൃഷി ചെയ്യുന്നതിന് മുൻപ് കൃഷി യിടത്തിൽ
ഉള്ള കാടും പുല്ലുകളും ഒഴിവാക്കിയ ശേഷം നിലം ഒരു അടി താഴ്ചയിൽ ഒരുക്കുക. ശേഷം ഒരു സെൻ്റിന് 2 കിലോ എന്ന തോതിൽ ഡോളോമൈറ്റ് വിതറി മണ്ണിൽ ഇളക്കി ചേർക്കുക. ഗ്രോ ബാഗിൽ ചെയ്യുന്നവർ മേൽമണ്ണ് എടുത്തു കൂട്ടിയിട്ട ശേഷം ഒരു ഗ്രോ ബാഗിലെ മണ്ണിനു 200 ഗ്രാം എന്ന തോതിൽ മിക്സ് ചെയ്തു ചേർക്കുക. ചെറിയ ഒരു നന നൽകി 10 ദിവസം കാത്തിരിക്കുക. മണ്ണിൽ ഉള്ള അസിഡിറ്റി ഒഴിവാക്കാൻ ഇത് സഹായിക്കും.
10 ദിവസത്തിന് ശേഷം ഒരു സെൻ്റിന് 20 കിലോ വരെ ജൈവ വളം (8 കിലോ മണ്ണിരകമ്പോസ്റ്റും ബാക്കി ചാണക പൊടിയും ) ചേർത്ത് തൈകൾ നടാം. ഗ്രോ ബാഗിൽ ആണെങ്കിൽ 500 ഗ്രാംകമ്പോസ്റ്റ് / ജൈവ വളം ഉപയോഗിക്കാം.
ചെടിയുടെ വളർച്ച വേഗത്തിലാക്കുന്ന ജൈവ ഉത്പന്നമാണ് സമ്പൂർണ. 5 ഗ്രം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 7 ദിവസത്തെ ഇടവേളകളിൽ സ്പ്രൈ ചെയാം.
ഫിഷ് അമിനോ ആസിഡ് കീടങ്ങളെ അകറ്റി നിർത്തുന്നതിനും വളർച്ച ത്വരിത പെടുത്തുന്നതിനും ഉപയോഗിക്കാം. ഒരു ലിറ്റർ വെള്ളത്തിൽ 15 മില്ലി കലക്കി വിളകൾക്കു സ്പ്രൈ ചെയ്തു നൽകാം. 14 ദിവസത്തെ ഇടവേളകളിൽ ഉപയോഗിക്കാം .
വേപ്പെണ്ണ സോപ്പ് മിശ്രിതം 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 10 ദിവസത്തെ ഇടവേളകളിൽ കീടങ്ങളെ അകറ്റി നിർത്തുവാൻ ഉപയോഗിക്കാം.
സുഡോമോണാസ് വിളകളിൽ രോഗങ്ങൾ വരാതിരിക്കുവാനുള്ള ജൈവ കുമിൾ നാശിനിയാണ്. 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലോ പച്ച ചാണക തെളിയിലോ (20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി യശേഷം അരിച്ചു എടുക്കുന്നത് ലായിനി യാണ് തെളി ) ഉപയോഗിച്ചാൽ പച്ചക്കറി വിളകളിൽ രോഗങ്ങൾ വരില്ല.

കാട്ടു പന്നി യുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. . 10 സെന്റിന് മുകളിൽ പറമ്പിൽ പച്ചക്കറി ചെയ്യുന്നവർ വിള ഇൻഷുറൻസ് എടുക്കുവാൻ ശ്രദ്ധിക്കണം. കാട്ടുപന്നി ആക്രമണം മൂലം കൃഷി നശിക്കുക യാണെങ്കിൽ ഇൻഷുറൻസ് ഉള്ള കൃഷിക്ക് മാത്രമേ നഷ്ട പരിഹാരം ലഭിക്കാൻ അർഹത യുണ്ടാവുകയുള്ളുവെന്നും കൃഷി ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ:
ജേക്കബ് ഷെമോൺ, കൃഷി ഓഫീസർ (9526632203 )
ഷണ്മുഖൻ എം , സീനിയർ കൃഷി അസിസ്റ്റന്റ് (വാർഡ് 13 , 14 , 15 ) (9961530965 )
ബിനു എസ് , കൃഷി അസിസ്റ്റന്റ് (വാർഡ് 1, 2 , 3 ,4, 5 , 6, 7 ,8, ) (9645874246 )
ജിഷ കെ , കൃഷി അസിറ്റന്റ് (9 , 10 ,11 ,12 ,16 ,17, 18 , 19 ) (9605933303 )
