കൂത്തുപറമ്പ് സമരനായകന് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (54)
വീരോചിതമായ അന്ത്യ യാത്ര. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്.
അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. ബാലസംഘത്തിലൂടെയാണ് മനസ്സില്‍ ഇടതുപക്ഷ ആശയം വേരുറച്ചത്. നോര്‍ത്ത് മേനപ്രം എല്‍പി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തത്. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്. കെ വി റോഷന്, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായി.
ഞായറാഴ്ച രാവിലെ 8 ന് കോഴിക്കോട് നിന്ന് പുഷ്പൻ്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര 10 മണിയോടെ തലശ്ശേരി ടൗൺ ഹാളിലെത്തും. 11.30 വരെ പൊതു ദർശനത്തിന് വെക്കും. 12 മണി മുതൽ വൈകീട്ട് 4 വരെ ചൊക്ളി രാമ വിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനം. 5 മണിക്ക് മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിക്കും.
