അത്തോളിയുടെ ജനകീയ നേതാവ് ഇനി ജനകീയ പ്രസ്ഥാനത്തിൻ്റെ കോഴിക്കോട് ജില്ലയിലെ അമരക്കാരൻ. കൺസ്യുമർ ഫെഡ് ചെയർമാനും എം.ഡിറ്റിൻ്റെ സാരഥിയുമായ എം.മെഹബൂബിനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി വടകരയിൽ നടന്ന പാർട്ടി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. മോഹനൻ മാസ്റ്റർ മൂന്ന് തവണകളിലായി ജില്ലാ സെക്രട്ടറി പദവിയിൽ ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
അത്തോളിയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായ എം മെഹബൂബ് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ അത്തോളിയുടെ വികസന രംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് പദവയിലേക്ക് ഇരുപത്തിനാലാം വയസ്സിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. സമാന്തര വിദ്യാഭ്യാസ രംഗത്ത് വിദ്യ ട്യൂട്ടോറിയൽ കോളേജിലൂടെ വിദ്യാർഥികൾക്ക് പ്രിയങ്കരനായ കണക്ക് അധ്യാപകനായിരുന്നു. അത്തോളി സഹകരണ ആശുപത്രി, അത്തോളി സഹകരണ ബാങ്ക് എന്നിവയുടെ രൂപവത്കരണത്തിലും വികസനത്തിലും നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 13 വർഷം സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്, കേരള ബാങ്ക് ഡയറക്ടർ, കേരഫെഡ് വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കർഷക സംഘം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. മികച്ച സഹകാരി എന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്
