ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേ
എന്ന് വായനക്കാരെ സന്ദേഹിപ്പിച്ച
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക്
മാവൂർ റോഡിലെ സ്മൃതിപഥത്തിൽ
നിത്യനിദ്ര. എംടിയുടെ നോവൽ ‘വിലാപയാത്ര’ യിലേതുപോലെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ മനുഷ്യരുൾപ്പെട്ട വിലാപയാത്രയ്ക്കൊടുവിൽ
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
വൈകീട്ട് 4.35 ന്
കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്ന് ആംബുലൻസിൽ പുറപ്പെട്ട ഭൗതികദേഹം
നടക്കാവ്-ബാങ്ക് റോഡ്-കെഎസ്ആർടിസി വഴി സ്മൃതിപഥത്തിൽ എത്തിച്ചേർന്നപ്പോൾ സമയം 4.45.

കാത്തിരുന്ന നൂറുകണക്കിന് പേരുടെ മൗനവിലാപങ്ങൾക്കിടയിൽ സ്മൃതിപഥത്തിന്റെ മുറ്റത്ത് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം ഭൗതിക ശരീരം ഉള്ളിലേക്കെടുത്തു.
അന്ത്യകർമ്മങ്ങൾക്ക് എംടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി സതീശൻ നേതൃത്വം നൽകി. അടുത്ത ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും മകൾ അശ്വതിയും മൃതദേഹത്തെ വലംവെച്ചു.
കർമ്മങ്ങൾക്ക് ശേഷം കൃത്യം 5.23 ന് എം ടി വാസുദേവൻ നായർ എന്ന സാഹിത്യ കുലപതി തീ നാളങ്ങളിൽ ലയിച്ചു.
എവിടെയോ ആരംഭിച്ചു എവിടെയോ അവസാനിക്കുന്ന യാത്രയെന്ന് എഴുത്തുകാരൻ തന്നെ വിശേഷിപ്പിച്ച, നവതി പിന്നിട്ട ഉജ്ജ്വല ജീവിതത്തിന് സർഗ സമാപ്തി.

സ്മൃതിപഥത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, എ എ റഹീം, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, എ പി അനിൽ കുമാർ, ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് കൗൺസിലർമാർ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ, അസി. കളക്ടർ ആയുഷ് ഗോയൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നെത്തിയ ആളുകളും സംബന്ധിച്ചു.
സാഹിത്യ-സിനിമ ലോകത്ത് നിന്ന് എം എൻ കാരശ്ശേരി, എം എം ബഷീർ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, ആലങ്കോട് ലീലകൃഷ്ണൻ, കെ പി സുധീര, കെ പി രാമനുണ്ണി, ചിത്രകാരൻ പോൾ കല്ലാനോട്, സംവിധായകരായ ജയരാജ്, ലാൽ ജോസ്, നടൻ വിനോദ് കോവൂർ എന്നിവരും എത്തിച്ചേർന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, സജി ചെറിയാൻ, എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, എം പി മാരായ എംകെ രാഘവൻ, എ എ റഹീം, ഷാഫി പറമ്പിൽ, അബ്ദുൽ സമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ കെ ശൈലജ, അൻവർ സാദത്ത്, എം വി ഗോവിന്ദൻ, എ പി അനിൽ കുമാർ, ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ, മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, മുൻ മന്ത്രി പി കെ ശ്രീമതി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ എംടി വാസുദേവൻ നായരുടെ വസതിയായ ‘സിത്താര’യിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സിനിമ മേഖലയിൽ നിന്നും സംവിധായകരായ ഹരിഹരൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, ജയരാജ്, ശ്യാമപ്രസാദ്, ലാൽ ജോസ്, വി എൻ വിനു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നടൻമാരായ മോഹൻലാൽ, വിനീത്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, വിനുമോഹൻ, ഹരീഷ് കണാരൻ, നടി കുട്ട്യേടത്തി വിലാസിനി തുടങ്ങിയവരും.

സാഹിത്യ മേഖലയിൽ നിന്ന് എം മുകുന്ദൻ, സുഭാഷ് ചന്ദ്രൻ, കെ പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, കെ സി നാരായണൻ, എം എൻ കാരശ്ശേരി, ലിജീഷ് കുമാർ തുടങ്ങിയവരും എംടിയുടെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു
