അത്തോളി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് അത്തോളി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നാളെ ( ബുധൻ) തുടക്കം.
നാളെയും മറ്റന്നാളുമായി (ഒക്ടോബർ 7, 8 ) അത്തോളി ഗവ. വി ച്ച് എസ് എസ് , ജി എം യു പി സ്കൂൾ എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. നാളെ ജി വി എച്ച് എസ് എസിൽ ശാസ്ത്രം ഐ ടി മത്സരങ്ങളും ജി എം യു പി സ്കൂളിൽ ഗണിത മത്സരവും നടക്കും. വ്യാഴാഴ്ച ജി വി എച്ച് എസ് എസിൽ പ്രവൃത്തി പരിചവും ജി എം യു പിയിൽ സാമൂഹ്യ ശാസ്ത്രവും നടക്കും.
ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര- പ്രവർത്തി പരിചയ – ഐടി മേളയിൽ 73 സ്കൂളുകളിൽ നിന്ന് മൂവായിര ത്തോളം പ്രതിഭകൾ 261 ഇനങ്ങളിലായി മാറ്റുരയ്ക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് എന്നീ ഇനങ്ങൾ ഈ വർഷം പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾ തയ്യാറാക്കിയ ശാസ്ത്രപ്രോജക്ടുകൾ, പ്രവർത്തന മാതൃകകൾ, പരീക്ഷണങ്ങൾ, ചാർട്ടുകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.
പാഠപുസ്തകങ്ങളിൽ ലഭിക്കുന്ന അറിവിനപ്പുറം ശാസ്ത്രീയമായ നിരീക്ഷണം, പരീക്ഷണം, പ്രശ്നപരിഹാരം, സർഗാത്മക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ശാസ്ത്രമേളയുടെ പ്രധാന ലക്ഷ്യം. വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങളും കണ്ടെത്തലുകളും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുള്ള അവസരവും മേള ഒരുക്കും.
വിവിധ ഇനങ്ങളിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. സബ്ജില്ലാ തലത്തിൽ മികവ് തെളിയിക്കുന്നവർക്ക് തുടർന്നുള്ള റവന്യൂ ജില്ലാ, സംസ്ഥാനതല മത്സരങ്ങളിലേക്ക് യോഗ്യത നേടുന്നതിനും അവസരമുണ്ടാകും.
