അത്തോളി : ജൽ ജീവൻ പദ്ധതിയുടെ ഭാഗമായും അല്ലാതേയും തകർന്നു കിടക്കുന്ന മുഴുവൻ ഗ്രാമ പഞ്ചായത്ത് റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അത്തോളിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഒപ്പുശേഖരണം നടത്തുന്നു.
ഹൈസ്കൂൾ പരിസരത്ത് നടന്ന ക്യാമ്പയിൻ പരിപാടി സജീവൻ ശ്രേയസ്സ് ഉദ്ഘാടനം ചെയ്തു. വി എം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് അത്തോളി അധ്യക്ഷത വഹിച്ചു. രജീഷ് ഒ ടി , ഇഎം ബാബു, നിഷാന്ത്, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഒക്ടോബർ 1 ന് അത്താണിയിലും ഒക്ടോബർ 2 ന് കുനിയിൽ ക്കടവ് ജംഗ്ഷനിലും ഒപ്പുശേഖരണം നടക്കും. അത്തോളി ഓട്ടോ തൊഴിലാളി കോ ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിനിന് ശേഷം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് ഭീമഹർജി സമർപ്പിക്കും. 2026-27 സാമ്പത്തിക വർഷം ത്രിതല പഞ്ചായത്തുകൾ ഫണ്ട് വകയിരുത്തിയ
മുഴുവൻ റോഡുകളുടേയും നവീകരണ പ്രവർത്തി 2026 ഡിസംബറിന് മുമ്പ് പൂർത്തീകരിക്കുന്നതിന്ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.
പഞ്ചായത്തിലെ മിക്ക റോഡുകളും പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതിലൂടെയുള്ള നിരന്തര യാത്ര ഓട്ടോ ഡ്രൈവർമാരുടേയും യാത്രക്കാരുടേയും നടുവൊടിക്കുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ മുക്കാൽ പങ്കും വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചിലവഴിക്കേണ്ടി വരുന്നതായും ഓട്ടോ ഡ്രൈവർമാർ ചൂണ്ടിക്കാട്ടി

