അത്തോളി : മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടി കൈ കുടുങ്ങിയ ആളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അത്തോളി കൊളക്കാട് കുളങ്ങരക്കണ്ടി ആയിഷയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ മരം മുറിക്കുന്നതിനിടെ പണിക്കാരനായ മുഹമ്മദ് (55) അപകടത്തിൽ പെട്ടത്. 20 അടി ഉയരത്തിലുള്ള മുള്ള് മരത്തിനും മുറിച്ചിട്ട കൊമ്പിനും ഇടയിൽ കൈ കുടുങ്ങുകയായിരുന്നു.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ലാഡർ ഉപയോഗിച്ച് മരത്തിൽ കയറുകയും ചെയിൻ സോ ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചുമാറ്റി മുഹമ്മദിനെ സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ഇർഷാദ് ടി കെ, രതീഷ് കെ എൻ,ലിനീഷ് എം, രജീഷ് വി.പി,നവീൻ കുമാർ,ഹോം ഗാർഡ് മാരായ രാജേഷ് കെ പി, ബാലൻ ടിപി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

