അയ്യപ്പ ഭക്തർ ഹൃദയത്തിലേറ്റെടുത്ത മികച്ച അയ്യപ്പ ഭക്തി ഗാനവുമായി അത്തോളിയിൽ നിന്ന് ഒരു കുഞ്ഞു ഗായിക. അങ്കണവാടി വിദ്യാർത്ഥിനിയായ ദീപികയാണ് ഭക്തിയും വാത്സല്യവും തുളുമ്പുന്ന ആലാപനത്തിലൂടെ ഗാനാസ്വാദകരുടെ ശ്രദ്ധയാകർഷിക്കുന്നത്. മേലെ മേലെ അയ്യപ്പൻ; മാമല മേലെ എന്നയ്യപ്പൻ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ അയ്യപ്പ ഭക്തരുടെ ഇഷ്ടഗാനമായി മാറിയിട്ടുണ്ട്. സംഗീത സംവിധായകൻ റനീഷ് അത്തോളിയുടേയും ജിൻസിയുടേയും മകളാണ് അഞ്ചു വയസ്സുകാരി ദീപിക. കാവുംവട്ടം ആനന്ദിൻ്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി.
രജീഷ് പരത്തുള്ളി രചന നിർവ്വഹിച്ചിട്ടുള്ള ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് റനീഷ് അത്തോളിയാണ്. റായ് മീഡിയ എൻ്റർടൈൻമെൻ്റ്സ് നിർമ്മിച്ച സംഗീത ആൽബത്തിന് രതീഷ് ചെർപ്പുളശ്ശേരി ഛായാഗ്രഹണം നിർവ്വഹിച്ചു.

വർഷങ്ങളായി സംഗീത രംഗത്തുള്ള റനീഷ് മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിൽ ഉൾപ്പെടെ ഇതിനോടകം രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. മകളുടെ സംഗീതത്തോടുള്ള താല്പര്യം കണ്ടാണ് അയ്യപ്പ ഭക്തിഗാനം ആലപിക്കാൻ അവളെ തിരഞ്ഞെടുത്തത്. താൻ സ്റ്റുഡിയോയിൽ ഗാനങ്ങൾക്ക് സംഗീതം പകരുമ്പോൾ മകൾ കൗതുകത്തോടെ നോക്കി നിൽക്കാറുള്ളതായി റനീഷ് പറഞ്ഞു. ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ വലിയ പ്രോത്സാഹനം നൽകി.
റനീഷിൻ്റെ മൂത്ത മകൾ രീതികയും മികച്ച ഗായികയാണ്. ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കലാഭവൻ മണി, ജി. വേണുഗോപാൽ, ചെങ്ങന്നൂർ ശ്രീകുമാർ, പ്രസീത ചാലക്കുടി, തമിഴിലെ രാജലക്ഷ്മി, മീനാക്ഷി ഇളയരാജ, സെന്തിൽ ഗണേഷ്, അന്തോണി ദാസൻ, കന്നഡയിലെ ജിതേന്ദർ റാവു, ഋഷിക് ഭാസ്കർ, സംഗീത ബാലകൃഷ്ണ തുടങ്ങി നിരവധി ഗായകരുടെ ഗാനങ്ങൾക്ക് റിനീഷ് സംഗീതം നൽകിയിട്ടുണ്ട്
