അത്തോളി: ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പ്രതിസന്ധിയിലാക്കിയ യു ഡി എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇടതു മുന്നണിയുടെ ആഭിമുഖ്യത്തിൽ അത്തോളി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി. എൻ സി പി സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ആലങ്കോട് ഉദ്ഘാടനം ചെയ്തു. നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗം കെ. കെ ശോഭ, സി പി എം അത്തോളി ലോക്കൽ സെക്രട്ടറി പി എം ഷാജി, സത്യൻ ( സി പി ഐ ),ജയലാൽ വി ( ആർ ജെ ഡി ) , സി പി എം മൊടക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സബീഷ് എന്നിവർ സംസാരിച്ചു. ധർണ്ണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

എൽഡിഎഫ് സർക്കാർ ബജറ്റിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഈ വർഷത്തേക്ക് 10,189 കോടി രൂപ വകയിരുത്തിയിരുന്നത് യുഡിഎഫ് സർക്കാർത് 8655.45 കോടി രൂപയായി വെട്ടിക്കുറച്ചതായി ധർണ്ണാ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ഇതിൻ്റെ ഭാഗമായി അത്തോളി പഞ്ചായത്തിലും പദ്ധതി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പൂർത്തിയാക്കിയ പദ്ധതികൾക്ക് പണം നൽകാനാകാതെ വെട്ടിലായിരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. ഫാമിലി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരുടെ സേവനം,സർക്കാർ ആശുപത്രികൾക്കുള്ള മരുന്ന് വിതരണം, പാലിയേറ്റീവ് കെയർ പദ്ധതികൾ, അങ്കണവാടികളിലെ പോഷകാഹാര വിതരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, മഴക്കാല പൂർവ്വ ശുചീകരണം, മൃഗാശുപത്രികളിലേക്കുള്ള അവശ്യമരുന്നു വിതരണം തുടങ്ങിയ കാര്യങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
