കോഴിക്കോട്: വടകര ലഹരി മരുന്ന് കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്ന് സൂചന.
കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്.
പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ മറ്റൊരു യുവതി കൂടി നിരീക്ഷണത്തിലുണ്ടെന്നും വിവരമുണ്ട്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ബംഗളൂരുവിലാണ് നിലവില്‍ ഇവര്‍ ഉള്ളത്.
കേസില്‍ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സി.യിലെ കായിക അധ്യാപിക കീർത്തന , സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യ , പരിശീലകയായി പ്രവർത്തിച്ചിരുന്ന വി. പി. നീഷ്മ എന്നിവർ വിദ്യാത്ഥിനികളെ ലഹരി മരുന്ന് ഉപയോഗത്തിൽ പെടുത്താൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട് .എംഡിഎഎയുമായി ആദ്യം പിടിയിലായ സഫ്വാനിൽ നിന്നാണ് അന്വേഷണത്തിന് തുടക്കം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇരുവരേയും വിശദമായി ചോദ്യം ചെയ്താല്‍ കേസിലെ മുഖ്യകണ്ണികളിലേക്ക് എത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

