കവുങ്ങു കയറ്റം, പടക്കം നിർമ്മാണം, ബീഡി തെറുപ്പ്, സൈക്കിൾ റിപ്പയറിംഗ് … ഇത്രയുമാണ് സാധാരണക്കാരായ അത്തോളിക്കാർക്ക് മാധവേട്ടനെ കുറിച്ചുള്ള ധാരണ. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയ ഒരാളിൽ നിന്ന് ഇതിൽ കൂടുതൽ അസാധാരണമായതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
അത്തോളി ഹൈസ്കൂളിന് മുന്നിലെ സൈക്കിൾ റിപ്പയറിംഗ് കടയുടെ മുറ്റത്തിരിന്ന് പൊട്ടിയ കണ്ണികൾ ഏച്ചു പിടിപ്പിച്ചും എണ്ണയിട്ട് ചക്രഗതിക്ക് ആക്കം കൂട്ടിയും കർമ്മ നിരതനാവുമ്പോൾ മധവേട്ടൻ്റെ ചിന്ത വ്യാപരിച്ചിരുന്നത് മറ്റൊരു ലോകത്തായിരുന്നു. എല്ലാവർക്കും നല്ലതു വരണമെന്നുള്ള ആത്മ സംഘർഷമായിരുന്നു മനസ്സ് നിറയെ.
പഠിപ്പ് മുടങ്ങിയതിൻ്റെ വിഷമം വായനയിലൂടെയും എഴുത്തിലൂടെയുമാണ് മാധവൻ പരിഹരിച്ചത്. അത്തോളിയിൽ നിന്നിറങ്ങിയ തീപ്പൊരി എന്ന കയ്യെഴുത്ത് മാസികയിലൂടെയായിരുന്നു എഴുത്തിൻ്റെ തുടക്കം. 1968-69 കാലത്ത് മനസ്സും ഡയലക്ടിക്സും എന്ന വിഷയത്തിൽ ചിന്തയിൽ 12 ലക്കങ്ങളിലായി ലേഖനങ്ങളെഴുതി. മനുഷ്യ മോചനത്തിന് ഏറ്റവും ഫലവത്തായ പ്രസ്ഥാനം കമ്യൂണിസമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. ഇ എം എസ്, കെ ദാമോദരൻ, കെ. എ കേരളീയൻ, പി ഗോവിന്ദ പിള്ള എന്നിവരെല്ലാം അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളോട് യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

വിമർശന രേഖ, വിചാര യാത്രകൾ, മനഃശ്ശാസ്ത്രം ധ്വാനം കമ്യൂണിസം എന്നിവയാണ് കെ മാധവൻ്റെ കൃതികൾ. തത്വ ചിന്താപരമായ ഈ കൃതികൾ ഒരു എട്ടാം ക്ലാസ്സുകാരൻ്റേതാണെന്ന് അറിയുമ്പോൾ വായനക്കാർ അതിശയിക്കും.
അതി ചിന്തയുടെ ഫലമായുണ്ടായ മാനസിക സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ഗുരു നിത്യ ചൈതന്യ യതിയെ കെ. മാധവൻ പരിചയപ്പെടുന്നത്. കെ മാധവനെ പരിചയപ്പെട്ടതിനെ കുറിച്ച് യതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു :
‘താങ്കളെ പരിചയപ്പെടാനിടയായത് ഒരു മഹാ ഭാഗ്യമായി ഞാൻ കരുതുന്നു. കേരളത്തിൽ എനിക്ക് പരിചയപ്പെടാനിടയായ ഏതൊരു ചിന്തകനേക്കാളും താങ്കൾ ആഴത്തിൽ ചിന്തിക്കുന്നു. മാധവേട്ടനെപോലെ വിലപ്പെട്ട ഒരു അസാധാരണ മനുഷ്യനെ തള്ളിക്കളയേണ്ടി വരുമെങ്കിൽ അത് എൻ്റെ ദൗർഭാഗ്യമായിരിക്കും’.
നല്ലതിനായുള്ള കാത്തിരിപ്പായിരുന്നു കെ മാധവൻ്റെ ജീവിതം. വായനയും ചിന്തയും പ്രവൃത്തിയുമെല്ലാം നല്ലതിനു വേണ്ടി വിനിയോഗിച്ച കമ്യൂണിസ്റ്റ് ജീവിതം

