മൂന്ന് പതിറ്റാണ്ടോളം തമിഴ് സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടൻ ഡൽഹി ഗണേശ് (80)അന്തരിച്ചു. നവംബർ 9 ന് രാത്രി 11.30 മണിയോടെയായിരുന്നു അന്ത്യം. മകൻ മഹാദേവൻ ആണ് മരണ വിവരം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
പ്രശസ്ത സംവിധായകൻ കെ ബാലചന്ദറിനൊപ്പം പട്ടിന പ്രവേശനം (1976) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ഡൽഹിയിലായിരുന്ന അദ്ദേഹം നാടക ട്രൂപ്പായ ദക്ഷിണ ഭാരത നാടക സഭയിലെ സജീവ അംഗമായിരുന്നു. ഒരു ദശാബ്ദക്കാലം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 400 ലധികം സിനിമകളിൽ അഭിനയിച്ചു. ഉലഗനായകൻ കമൽഹാസൻ്റെ ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡൽഹി ഗണേഷിന്റെ മലയാള ചിത്രങ്ങൾ.
കോളിവുഡിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളായി ഡൽഹി ഗണേഷ് കണക്കാക്കപ്പെടുന്നു, നായകൻ മുതൽ ഇന്ത്യൻ 2 വരെയുള്ള കമൽഹാസൻ്റെ മിക്ക സിനിമകളിലും മുഖ്യഘടകമായിരുന്നു. കമൽഹാസനൊപ്പം അഭിനയിച്ച എല്ലാ സിനിമകളോടും പ്രത്യേക ഇഷ്ടമാണ്. അവ്വായ് ഷൺമുഖി, തെനാലി, മൈക്കിൾ മദന കാമ രാജൻ, അപൂർവ സഹോദരങ്ങൾ എന്നിവ കമലിനൊപ്പം വേഷമിട്ട ചിത്രങ്ങളാണ്. ‘കമൽ അഭിനേതാക്കൾക്ക് ധാരാളം ഇടം നൽകുന്നു, അവൻ നിങ്ങളെ വിശ്വസിക്കുന്നു. – കമലിനോടുള്ള സൗഹൃദത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.
മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പാസിയിലെ അഭിനയത്തിന് 1979-ൽ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് പ്രത്യേക പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് 1994-ൽ തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി അവാർഡും ലഭിച്ചു
