അത്തോളി: പാവങ്ങാട് – താഴെ ചൊവ്വ സംസ്ഥാന പാത വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇടുങ്ങിയ റോഡായത് കാരണം അത്തോളി ടൗണിലും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ കൂടുന്നു. റോഡ് നവീകരണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. ഓരോ കച്ചവടക്കാരന്റെയും പ്രശ്നങ്ങൾ അറിഞ്ഞു കൊണ്ട് അവരുടെ കുടുംബത്തേയും ചേർത്തു പിടിക്കുന്നതാണ് ആശ്വാസ് പദ്ധതി. നമ്മളെ എതിർക്കാനും നശിപ്പിക്കാനും വരുന്ന ഉദ്യോഗസ്ഥനു നേരെ വിരൽ ചൂണ്ടി അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ വ്യാപാരികൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരിമ്പയിൽ അബ്ദുൽ അസീസ് റിപ്പോർട്ടും ട്രഷറർ ലിനീഷ് ആനശ്ശേരി വരവു ചിലവു കണക്കും യൂത്ത് വിംഗ് പ്രസിഡന്റ് ഇ.കെ മുഹസിൻ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാജൻ കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലി കൊടുത്തു. സെക്രട്ടറി ബാബു അഥീന അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജേഷ് ബ്രൈറ്റ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം കെ.എ.കെ ഷമീർ, സമിതി ജില്ലാ കൗൺസിൽ അംഗം ജലീൽ തൈവളപ്പിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഗോപാലൻ കൊല്ലോത്ത് (പ്രസി.), രാജേഷ്ബ്രൈറ്റ് (ജന.സെക്ര.), ലിനീഷ് ആനശ്ശേരി (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു.

