കോഴിക്കോട്: എട്ടാമത് സ്വതന്ത്ര ചലച്ചിത്ര മേള (ഐ. ഇ. എഫ്. എഫ്. കെ) മെയ് 6 മുതൽ 10 വരെ കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയത്തിൽ നടക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ബയോസ്കോപ്പ് അവാർഡിനായി മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ ഉൾപ്പെടെ 9 ചിത്രങ്ങൾ മത്സരിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്.
നിപിൻ നാരായണൻ സംവിധാനം ചെയ്ത കാത്തിരിപ്പ്, ശ്രീകൃഷ്ണൻ കെ.പി. യുടെ റോക്ക്, ഷിഹാബ് ഓങ്ങല്ലൂരിൻ്റെ റിക്കാർഡ് ഡാൻസ് എന്നിവയാണ് മലയാളത്തിൽ നിന്നുള്ള മത്സരവിഭാഗം ചിത്രങ്ങൾ. ഇക്വഡോർ, നൈജീരിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 3 സിനിമകളും ഇന്ത്യൻ ഭാഷകളിലെ 3 സിനിമകളുമാണ് മത്സര വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ.
കാർലോസ് അലാസ്ട്രൂയിയുടെ
സ്പാനിഷ് സിനിമ ആൻ ഔട്ട് ഓഫ് ദി കാവെൻ ആണ് ഉദ്ഘാടന ചിത്രം, ആശ ആച്ചി ജോസഫിൻ്റെ പലമ ആണ് സമാപന ചിത്രം.
മെയ് 6 ന് രാവിലെ 9 മണി മുതൽ സിനിമകളുടെ പ്രദർശനം ആരംഭിക്കും. വൈകീട്ട് 6.30 ന് ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും. മെയ് 7 വൈകീട്ട് 6.30 നാണ് ഔപചാരികമായ ഉദ്ഘാടന ചടങ്ങ്.

ഫെസ്റ്റിവലിൻ്റെ ലോക സിനിമാ വിഭാഗത്തിൽ അഞ്ച് സിനിമകളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ എട്ട് സിനിമകളും മലയാളം സിനിമാ വിഭാഗത്തിൽ 17 സിനിമകളും പ്രദർശിപ്പിക്കും. ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലിയാരാച്ചി, സംവിധായകൻ അഭിജിത് മജൂംധാർ, നിരൂപകനും കുറേറ്ററുമായ സി.എസ്. വെങ്കിടേശ്വരൻ എന്നിവരടങ്ങുന്ന ജൂറിയാണ് സിനിമകളുടെ വിധി നിർണയം നടത്തുന്നത്.
ഓരോ സിനിമകൾക്ക് ശേഷവും സംവിധായകരുമായുള്ള മുഖാമുഖവും വൈകീട്ട് 6 മണിക്ക് മീറ്റ് ദി ഡയറക്ടർ പരിപാടിയും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സി.എസ്. വെങ്കിടേശ്വരനും സമാപന സമ്മേളനത്തിൽ ചലച്ചിത്ര നിരൂപകൻ പി. കെ. സുരേന്ദ്രനും സംവിധായിക ആശ ആച്ചി ജോസഫും പങ്കെടുക്കും.
ഡെലിഗേറ്റ് ഫീ 700 രൂപ (വിദ്യാർഥികൾക്ക് 400). രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് തുക ഗൂഗിൾ പേ ചെയ്യുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.

