കോഴിക്കോട് : ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ, ബംഗളൂരുവിൽ നിന്നും മംഗളൂരു വഴി കണ്ണൂരിലേക്ക് നിലവിൽ സർവീസ് നടത്തുന്ന 16511/12 എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി. മാർച്ച് 15 മുതൽ സർവീസ് ആരംഭിക്കും. ബംഗളൂരുവിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കാൻ ഈ സർവീസിന് സാധിക്കും.
2024 ഫെബ്രുവരിയിൽ ട്രെയിൻ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ആയി നീട്ടിക്കൊണ്ട് റെയിൽവേ ഉത്തരവിറക്കിയെങ്കിലും പല കാരണങ്ങളാൽ യാഥാർത്ഥ്യമായിരുന്നില്ല.
പുതിയ സമയക്രമം അനുസരിച്ച് രാവിലെ 10:55-ന് കണ്ണൂരിലെത്തുന്ന ട്രെയിൻ, 11:20-ന് തലശ്ശേരി, 11:41-ന് വടകര, 11:58-ന് കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾക്ക് ശേഷം ഉച്ചയ്ക്ക് 12:40-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
തിരികെ വൈകുന്നേരം 03:30-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 03:52-ന് കൊയിലാണ്ടിയിലും, 04:12-ന് വടകരയിലും, 04:34-ന് തലശ്ശേരിയിലും എത്തിയ ശേഷം വൈകുന്നേരം 05:00 മണിക്ക് കണ്ണൂരിലെത്തും. തുടർന്ന് കണ്ണൂരിൽ നിന്നും പഴയ സമയക്രമം പാലിച്ച് ബംഗളൂരുവിലേക്ക് സർവീസ് തുടരുന്നതാണ്.
