അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ദീർഘകാലമായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന പുനത്തിൽ മാണിക്യം സ്മാരക കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. കെ.എം. സച്ചിൻ ദേവ് എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് പദ്ധതി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നാടിന്റെ കൂട്ടായ്മയുടെ പ്രതീകമായ ഈ പദ്ധതിക്ക് വേണ്ടി കിണറും വാട്ടർ ടാങ്കും മറ്റും സൗജന്യമായി നൽകിയ പുനത്തിൽ കുടുംബാംഗം ബാബു ബിക്കി ഭവനെയും വയറിങ്-പ്ലംബിങ് ജോലികൾ സൗജന്യമായി ഏറ്റെടുത്തു നടത്തിയ ഇലക്ട്രീഷ്യൻ സുനിൽകുമാറിനെയും ചടങ്ങിൽ ആദരിച്ചു. പദ്ധതിക്കാവശ്യമായ മോട്ടോർ വാർഡ് മെമ്പർ വി.എൻ. ജയചന്ദ്രൻ നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ വി.എൻ. ജയചന്ദ്രൻ, ഷാജി പി.എം, അനിൽ മാസ്റ്റർ, ശിവദാസൻ കെ.വി, ഗണേശൻ കെ, ബാബു ബിക്കി ഭവൻ, നൗഷാദ് എ.കെ, ബിജു വി.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

