അത്തോളി: 2026-27 കാലയളവിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി അത്തോളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. കൂമുള്ളിയിലെ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
സെമിനാറിൽ വിവിധ മേഖലകളെ തിരിച്ചുള്ള ഗ്രൂപ്പ് ചർച്ചകൾ നടന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന വർഷ പദ്ധതികൾക്ക് സെമിനാറിൽ അന്തിമ രൂപം നൽകി.

ലൈഫ് ഭവന പദ്ധതിക്കും അതിദാരിദ്രനിർമ്മാർജ്ജനം രണ്ടാം ഘട്ട പ്രവർത്തനത്തിനും പാലിയേറ്റീവ് പരിചരണ പ്രവർത്തനത്തിനും മുൻഗണന നൽകുന്നതാണ് പദ്ധതി രൂപരേഖ. നഗറുകളുടെ വികസനം ഉറപ്പാക്കും. പുതിയ തെരുവ് വിളക്കുകൾ സ്ഥപിക്കും. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സമയബന്ധിതമായി നവീകരിക്കും. പഞ്ചായത്തിന് ഒരു കളിസ്ഥലം പദ്ധതി ഏറ്റെടുക്കും. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷി വിഭാഗത്തിനും വയോജനങ്ങൾക്കുമുള്ള പദ്ധതികൾ ഏറ്റെടുക്കും. ഹാപ്പിനസ് പാർക്ക്, ഫിറ്റ്നസ് കേരളം , ഡിജി കേരളം വിജ്ജാന കേരളം പദ്ധതിയും 2026-27ൽ നടപ്പാക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്സൺമാരയതഫാന റിജാസ്, ഇ.അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി. വിജയൻ , ഇ.കെ ശശി, ശാന്തി മാവീട്ടിൽ, വാർഡ് മെമ്പർ കെ.എം രാജൻ എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ. പ്രദീപൻ വികസന കാഴ്ചപ്പാടും വികസന കാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ മാസ്റ്റർ പദ്ധതി രേഖയും വികസന സെമിനാറിൽ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ടി സ്വാഗതവും മെമ്പർ സുഗതകുമാരി നന്ദിയും പറഞ്ഞു.

