അത്തോളി: പ്രശസ്ത ഗാനരചയിതാവും തിരക്കഥാ കൃത്തും നാടക പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയെ അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. സ്മൃതി ലയം 2026 എന്ന പേരിൽ ഫെബ്രുവരി 10, 11 തിയ്യതികളിൽ കൂമുള്ളിയിലാണ് അനുസ്മരണ പരിപാടി നടക്കുക. ഗിരീഷ് പുത്തഞ്ചേരിയുടെ ചരമദിനമായ ഫെബ്രുവരി 10 ന് രാവിലെ 9 മണിക്ക് കൂമുള്ളിയിലെ പഞ്ചായത്ത് ലൈബ്രറിക്ക് മുന്നിലെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് ലൈബ്രറി ഹാളിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഫോട്ടോ അനാഛാദനം ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ അറിയിച്ചു
ഫെബ്രുവരി 11 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ജില്ലാതല കരോക്കെ ഗാനാലാപന മത്സരത്തിൻ്റെ ഫൈനൽ റൗണ്ട് നടക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുത്ത 150 ലേറെ മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്.
വൈകീട്ട് 5.30 ന് സാംസ്കാരിക സമ്മേളനം നടക്കും. കെ.എം. സച്ചിൻ ദേവ് എം. എൽ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടിയും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ മുഖ്യാതിഥിയാവും. ചലച്ചിത്ര ഗാന നിരൂപകൻ സജിത് ഏവൂരേത്ത് ഗിരിഷ് പുത്തഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തും. ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ഏർപ്പെടുത്തിയ സൂര്യ കിരീടം പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് സമ്മാനിക്കും. തുടർന്ന് പൂക്കാട് കലാലയം ഒരുക്കുന്ന നൃത്താഞ്ജലി, ജി.എം.യു.പി. സ്കൂൾ വേളൂരിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ‘ഞ്ച’ നാടകം പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന ഗാന സന്ധ്യ എന്നീ പരിപാടികൾ അരങ്ങേറും.
സ്വാഗത സംഘം കൺവീനർ കെ.മുരളീധരൻ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ എസ്. അനിൽ മാസ്റ്റർ, കെ.എം. രാജൻ, സ്വാഗത സംഘം ജോയിൻ്റ് കൺവീനർ കെ.ടി ശേഖർ എന്നിവർ പത്രസമ്മേളനത്തില് പങ്കെടുത്തു.

