അത്തോളി: നാടക പ്രവർത്തകൻ വിജേഷിനേയും അത്തോളി ഗവ. ഹൈസ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ മൂസ്സക്കോയ മാസ്റ്ററേയും ‘സ്പേസ്’ അത്തോളിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അത്തോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് ഡോ. രാധാകൃഷ്ണൻ എളയിടത്ത് ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവർക്കും പലവിധത്തിൽ അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ചിന്തകളായിരുന്നു കലാ ലോകത്ത് വിജേഷിനെ നയിച്ചിരുന്നതെന്ന് നടിയും വിജേഷിൻ്റെ സഹയാത്രികയുമായിരുന്ന കബനി പറഞ്ഞു.
ചേർത്തു നിർത്തലിൽ നിന്ന് കുതറി മാറുന്നതായിരുന്നു വിജേഷിൻ്റെ ജീവിത ശൈലി. വ്യക്തി ജീവിതം നാടകത്തിനും കലയ്ക്കും വേണ്ടി സമർപ്പിക്കുകയായിരുന്നു. സിനിമയിൽ നിന്ന് ലഭിച്ച അവസരങ്ങൾ പോലും നാടകത്തിനുവേണ്ടി ഉപേക്ഷിച്ചു.
തൻ്റെ പാട്ടുകളും ചിത്രങ്ങളും പ്രശംസിക്കപ്പെടുന്നത് കാണാനും കേൾക്കാനും വിജേഷ് ഇല്ലാതെ പോയി. മൂന്ന് സ്ത്രീ കഥാപാത്രങ്ങളിലൂടെ പറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയമായിരുന്നു വിജേഷിൻ്റെ ഒടുവിലത്തെ നാടക ആലോചന. വിജേഷിനെ കുറിച്ചുള്ള ഓർമ്മകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കബനി പറഞ്ഞു.
സ്പേസ് ഭാരവാഹികളായ ബി.കെ ഗോകുൽദാസ് , അഷ്റഫ് ചീടത്തിൽ എന്നിവർ സംസാരിച്ചു.

