അത്തോളി : നാടക പ്രവർത്തകൻ വിജേഷിനേയും അത്തോളി ജി.വി.എച്ച്. എസ്. എസ് പ്രധാനാദ്ധ്യാപകനായിരുന്ന മൂസക്കോയ മാസ്റ്ററേയും സ്പേസ് അത്തോളിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. ഇരുവരും അടുത്തിടെയാണ് വിടപറഞ്ഞത്. വിജേഷിൻ്റെ ഒട്ടേറെ പാട്ടു വർത്താനങ്ങൾക്കും നാടക ക്യാമ്പുകൾക്കും അത്തോളി വേദിയായിട്ടുണ്ട്. സാംസ്കാരിക ഇടങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന മൂസക്കോയ മാസ്റ്റർ നിരവധി ശിഷ്യ സമ്പത്തിന് ഉടമയാണ്.
ഇന്ന് ( ഫെബ്രുവരി 6 ) വൈകീട്ട് 6.30 ന് അത്തോളി ഹൈസ്ക്കൂളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ, ചലച്ചിത്ര നടിയും നാടക പ്രവർത്തകയും വിജേഷിൻ്റെ സഹയാത്രികയുമായ കബനി, വിജേഷിൻ്റെ കൂട്ടുകാരനും കോളേജധ്യാപകനുമായ ഡോ. രാധാകൃഷ്ണൻ എളയിടത്ത് തുടങ്ങിയവർ പങ്കെടുക്കും. പാട്ടും പറച്ചിലുമായാണ് സ്പേസ് പരിപാടി ഒരുക്കുന്നത്.

