അത്തോളി : മുൻ സംസ്ഥാന വോളീബോൾ താരവും എൻ.ഐ. എസ്.കോച്ചും റഫറിയും ദേശീയ കായികാധ്യാപക അവാർഡ് ജേതാവുമായ ഇ.അച്ചുതൻ മാസ്റ്ററെ അത്തോളി കൊളക്കാട് ഹേപ്പി മോർണിംഗ് വോളീബോൾ ടീം ആദരിച്ചു.
അത്തോളിയിൽ വോളിബാൾ വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ‘അച്ചു കോച്ച്’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അച്ചുതൻ മാസ്റ്റർ.
കൈപ്പന്തുകളിയെ ജീവിതമാക്കി മാറ്റിയ ഇദ്ദേഹം കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയാണ്. രണ്ട് അപകടങ്ങളിലായി കാലിന് പരുക്കേറ്റിട്ടും എണ്‍പത്തിമൂന്നാം വയസിലും വാക്കറിന്റെ സഹായത്തോടെ കുട്ടികളെ വോളിബോള്‍ പരിശീലിപ്പിക്കുന്നുണ്ട് മാഷ്.

പതിനേഴാം വയസില്‍ തിരിഞ്ഞതാണ് കൈപ്പന്തുകളിയിലേക്ക് . 33 വര്‍ഷം കായിക അധ്യാപകനായി. മൂന്ന് തവണ കേരളത്തിനായി വോളിബോള്‍ കളിച്ചു. 1980ല്‍ ദേശീയ വോളിബോള്‍ റഫറിയായി. അധ്യാപന ജീവിതത്തിലെ മികവിന് 1994ല്‍ ദേശീയ അധ്യാപക അവാര്‍ഡും തേടിയെത്തി.
മുൻ സതേൺ റെയിൽവേ താരം അബ്ദുൾ കാദർ ചെവിടഞ്ചേരി പൊന്നാടയണിയിച്ചു. കെ.കെ. അബ്ദുൾ റസാക്ക് മൊമന്റോ നൽകി. ഹൈദർ കൊളക്കാട്, കെ.വി.കുമാരൻ എന്നിവർ സംസാരിച്ചു.

