അത്തോളി: അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനും അത്തോളിയിലെ കലാ സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന പുളിയത്തം കണ്ടി മൂസക്കോയ മാസ്റ്ററുടെ നിര്യാണത്തിൽ അത്തോളയിലെ പൗരാവലി അനുശോചിച്ചു. അത്തോളി ഹൈസ്ക്കൂൾ പരിസരത്ത് ചേർന്ന അനുശോചന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നളിനാക്ഷൻ കെ. അധ്യക്ഷത വഹിച്ചു.
സഹപ്രവർത്തകരുടെ ഇടയിൽ പി.കെ. എം എന്നറിയപ്പെട്ടിരുന്ന മൂസക്കോയ മാസ്റ്റർ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന കണക്ക് അധ്യാപകനായിരുന്നു.

1961 ൽ അത്തോളി ഹൈസ്കൂളിലെ പ്രഥമ എസ് എസ് എൽ സി ബാച്ചിലെ വിജയി ആയ അദ്ദേഹം ഫാറൂക്ക് കോളേജിലാണ് തുടർ വിദ്യാഭ്യാസം നേടിയത്. പ്രൈമറി സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം താൻ പഠിച്ച അത്തോളി ഹൈസ്കൂളിൽ കണക്ക്, ഇംഗ്ലീഷ് അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിട്ടയർമെൻ്റിന് ശേഷം അത്തോളി എം. ഇ. എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ പ്രിൻസിപ്പൽ ആയിരുന്നു. സാംസ്കാരിക സംഘടനയായ സ്പേസിൻ്റെ രക്ഷാധികാരിയായിരുന്നു.
അനുശോചന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ തഫാന റിജാഷ്, ഷീബ പിലാക്കാട്ട്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സുനിൽ കൊളക്കാട്, സി.എം.സത്യൻ, എം. ഉല്ലാസ് , ടി. പി. അബ്ദുൾ ഹമീദ്, എ എം രാജു, ജോബി മാത്യു, കെ.വി അബ്ദുള്ളക്കോയ, ബിനീഷ് കൊളക്കാട് എന്നിവർ സംസാരിച്ചു.
