അത്തോളി : പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് ആദരവും പഞ്ചായത്തീരാജും പ്രാദേശിക വികസനവും എന്ന വിഷയത്തിൽ പഠന ക്ലാസും നടന്നു. ധനകാര്യ വിദഗ്ദ്ധനും ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ ഡോ. ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യാതിഥിതിയായി.

പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും ജനങ്ങൾക്ക് പ്രാമുഖ്യം ലഭ്യമാക്കിയ സംവിധാനമാണ് ജനകീയാസൂത്രണ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണം വഴി നേടിയ നേട്ടങ്ങൾ സംരക്ഷിക്കുകയും മെച്ചപ്പെടുത്തകയും ചെയ്യുക, പോരായ്മകൾ സംഭവിച്ച പദ്ധതികൾക്ക് പരിഹാരം കാണുക, പുതിയ കാര്യങ്ങൾ കണ്ടെത്തി നിർവഹിക്കുക എന്നിവയിൽ ഊന്നിയുള്ള കർമ്മ പദ്ധതിയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഏറ്റെടുക്കേണ്ട ദൗത്യം. ജനകീയാസൂത്രണത്തിലൂടെ ഒന്നാം തലമുറ പ്രശ്നങ്ങൾ പരിഹരിച്ച സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആയുർദൈർഘ്യം ആറു വയസ്സെങ്കിലും കൂടുതലാണ്. റേഷൻ കടകൾ, സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവയിലൂടെയെല്ലാം കൈവരിച്ച ജീവിത ഗുണനിലവാരം ആയുർദൈർഘ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്നു.

വലിയ പദ്ധതികൾ ഏറ്റെടുത്ത് തൊഴിലവസരം സൃഷ്ടിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രഥമ പരിഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിനായിരിക്കണം മുൻഗണന. സ്ത്രീകൾക്ക് വേണ്ടിയുള്ള തൊഴിൽ ലഭ്യതയിൽ കൂടുതൽ ശ്രദ്ധ നൽകണം. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മയാണ്.
സേവന രംഗത്ത് മുന്നേറ്റമുണ്ടായെങ്കിലും ഉത്പാദന മേഖലയിൽ ഇനിയും മുന്നേറേണ്ടതുണ്ട്. കാർഷിക മേഖലയിൽ ഉത്പാദനപരമായ മാതൃകയാവാൻ സാധിക്കണം. തൊഴിലുറപ്പ് പദ്ധതി കുടുംബശ്രീയുമായി ബന്ധിപ്പിച്ച ഏക സംസ്ഥാനം കേരളമാണ്. കുടുംബശ്രീ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. തൊഴിലുറപ്പ് പദ്ധതിയിലെ നയം മാറ്റം വഴി ഉണ്ടാവാനിടയുള്ള പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന് ആവശ്യമായ മുൻകരുതലുണ്ടാവണം. ജനങ്ങളുടെ ജീവിത നിലവാരത്തിൽ
ഗുണപരമായ ഉയർച്ചയുണ്ടാക്കാൻ ഉപകരിക്കുന്ന വലിയ സംയുക്ത പദ്ധതികൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ കെ.കെ. ശോഭ, പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റ് സെക്രട്ടറി കെ.ടി. ശേഖർ, ഇടതു മുന്നണി അത്തോളി പഞ്ചായത്ത് കൺവീനർ പി.എം ഷാജി, സുരേഷ് അക്ഷരി, എന്നിവർ സംസാരിച്ചു. എം. റംഷാദ് കവിത അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഇ.എം. ശശി, സി. വിജവൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ സബിത പവിത്രം, രാധിക, ഷീജ ഷിബു, രമേശൻ മാസ്റ്റർ, എം. സുഗത കുമാരി, അനിൽ മാസ്റ്റർ, ഇ അനിൽകുമാർ, ജിനിഷ, വി.എൻ ജയചന്ദ്രൻ, കുഞ്ഞായൻ കുട്ടി എന്നിർ ആദരവ് ഏറ്റുവാങ്ങി.
