അത്തോളി: ജനങ്ങളുടെ ജാഗ്രതയിൽ അത്തോളി ഗ്രാമ പഞ്ചായത്തിന് 1.75 ലക്ഷം രൂപ മിച്ചം. കൊങ്ങന്നൂർ എ. എൽ.പി സ്കൂളിന് തെക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള അങ്കണവാടി റോഡിലെ പത്ത് മീറ്റർ മതിൽ കെട്ടുന്നതിനായി കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നടന്ന കരാറിലെ അപാകതയാണ് ജനങ്ങളുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടത്. മഴക്കാലത്ത്
പൊളിഞ്ഞ, റോഡിൻ്റെ പാർശ്വ മതിൽ കെട്ടാൻ ആദ്യം അനുവദിച്ചത് 2 ലക്ഷം രൂപയായിരുന്നു. പിന്നീട് ഇത് 5 ലക്ഷം രൂപയായി ഭേദഗതി ചെയ്തു. വെറും 10 മീറ്റർ മതിൽ കെട്ടാൻ 5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിലെ അപാകത നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം കടുത്തതോടെ അന്നത്തെ ഭരണ സമിതി പ്രതിരോധത്തിലായി. ഇതേത്തുടര്‍ന്നാണ്, നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരന് 3,24,745 രൂപയായി പരിമിതപ്പെടുത്തി അനുവദിക്കാൻ തീരുമാനമായത്. എസ്റ്റിമേറ്റ് തുകയിൽ നിന്ന് 175255 രൂപയാണ് ഇതിലൂടെ കുറവുണ്ടായത്.

