അത്തോളി : ഗ്രാമ പഞ്ചായത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ വിഷയങ്ങൾ പഠിക്കാൻ സമഗ്ര വിവര ശേഖരണത്തിനായി വാർഡ് അടിസ്ഥാനത്തിൽ സർവ്വെ നടത്തുമെന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ പറഞ്ഞു. ലൈബ്രറി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാവും സർവെ നടത്തുക. രോഗികൾ, അവശതയനുഭവിക്കുന്നവർ, വിധവകൾ, വിവിധ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ, കുടിവെള്ള ലഭ്യത, യാത്രാ പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ പുരോഗതി, അടിസ്ഥാന സൗകര്യങ്ങൾ,കലാ കായിക മേഖലകളിൽ പ്രതിഭ തെളിച്ചവർ തുടങ്ങി വ്യക്തിഗതവും സാമൂഹികവുമായ വിവരങ്ങൾ ശേഖരിക്കും. ഇവ ക്രോഡീകരിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷം മുൻഗണനാ ക്രമത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് സമയ ബന്ധിതമായി നടപ്പാക്കും.
ദാരിദ്ര്യമനുഭവിക്കുന്ന നിത്യ രോഗികൾക്ക് മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജനകീയ പദ്ധതിക്ക് രൂപം നൽകും. പാലിയേറ്റീവ് സംഘങ്ങളുടേയും സഹായ മനസ്കരുടേയും കൂട്ടായ്മയോടെ ഒരുങ്ങുന്ന ജനകീയ സംവിധാനം വഴി മരുന്നുകൾ വീടുകളിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ആവശ്യമായ ഇടപെടൽ ഉണ്ടാവും. ഇതിലേക്ക് ആവശ്യമായ പ്രാദേശിക സൗകര്യങ്ങൾ വികസിപ്പിക്കും. വിദ്യാർഥികൾകൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സുകളും അഭ്യസ്തവിദ്യർക്കായി തൊഴിൽ മേളകളും സംഘടിപ്പിക്കും. ലഹരിക്കെതിരെയുള്ള ശക്തമായ പ്രതിരോധമുണ്ടാകും.
സാംസ്കാരിക മേഖലയിൽ കാര്യമായ ശ്രദ്ധയുണ്ടാവും. ക്ലബ്ബുകളുടെയും സാംസ്കാരിക സംഘടനകളുടേയും പ്രവർത്തനം സജീവമാക്കുന്നതിന് ആവശ്യമായ സഹായമുണ്ടാകും. കലാ കായിക പരിശീലനത്തിനും അവതരണത്തിനും പ്രോത്സാഹനം നൽകും.
വാർഷിക ഫണ്ട് വിനിയോഗം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഫണ്ട് വിനിയോഗം പൂർണ്ണമാക്കുകയാണ് ലക്ഷ്യം. അഴിമതി ഇല്ലാതാക്കും. പദ്ധതി നിർവഹണത്തിൽ സുതാര്യത ഉറപ്പുവരുത്തും.
കത്താത്ത തെരുവു വിളക്കുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമാണ് പഞ്ചായത്തിൻ്റെ പ്രഥമ പരിഗണനയിലുള്ള മറ്റൊരു വിഷയം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ, പ്രകാശിക്കാത്ത തെരുവു വിളക്കുകളുടെ കണക്കെടുപ്പ് നടത്തിവരികയാണ്. ജനുവരിയോടെ പരമാവധി സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകളും എം.പി, എം.എൽ. എ ഫണ്ടുകളും ഉപയോഗിച്ച് നവീകരിക്കും. അഴുക്കു ചാലുകൾ മഴക്കാലത്തിന് മുമ്പ് വൃത്തിയാക്കും. അങ്ങാടികളിലെ ശുചീകരണത്തിന് പ്രാധാന്യം നൽകും.

നിർമ്മാണത്തിലിരിക്കുന്ന സ്റ്റേഡിയം സർക്കാരിൻ്റെ സഹായത്തോടെ മികച്ച നിലവാരത്തിൽ പൂർത്തീകരിക്കും. അത്തോളിയിലെ മത്സ്യമാർക്കറ്റ് വിഷയം ശാസ്ത്രീയമായി പരിഹരിക്കും.
പഞ്ചായത്ത് മുഖേന ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ വിധത്തിൽ ഓഫിസ് സംവിധാനം കാര്യക്ഷമമാക്കും. വികസാനാധിഷ്ഠിതവും ജനക്ഷേമ പരവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ആവശ്യമായ ആരോഗ്യകരമായ ഓഫിസ് പശ്ചാത്തലമൊരുക്കുമെന്നും പ്രസിഡണ്ട് വ്യക്തമാക്കി.
