അത്തോളി: അത്തോളി പഞ്ചായത്ത് ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ അകം പുറം എന്ന പേരിൽ വിദ്യാർത്ഥികൾക്ക് നാടക പരിശീലന കളരി സംഘടിപ്പിച്ചു. അത്തോളി ഗവ. എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെംബർ എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിൻ്റെ നാഷണൽ ഡവലപ്മെൻ്റ് ഏജൻസി ഏർപ്പെടുത്തിയ ഭാരത് സേവക് സമാജ് അവാർഡ് ജേതാവായ ലിനീഷ് നരയം കുളം ക്യാമ്പിന് നേതൃത്വം നൽകി. പാട്ടും കഥ പറച്ചിലും കളികളുമായി നീങ്ങിയ ക്യാമ്പ് കുട്ടികളിൽ ആവേശം പകർന്നു.

അഷ്റഫ് ചീടത്തിൽ, റിയോണ സി എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് മെംബർമാരായ അനിൽ മാസ്റ്റർ, അനിൽകുമാർ എടവലത്ത്, ലൈബ്രറി കൗൺസിൽ പ്രവർത്തകരായ എൻ.ടി. മനോജ്, എൻ. പ്രദീപൻ, കെ.ടി. ബാബു എന്നിവർ പങ്കെടുത്തു.
