അത്തോളി : 2019 ലെ പ്രളയത്തിൽ വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ സ്വന്തമായുള്ള 9 സെൻ്റ് ഭൂമിയിൽ നിന്ന് 4 സെൻ്റ് റവന്യു വകുപ്പിന് കൈമാറിയ ഷജിത അത്തോളി ഗ്രാമ പഞ്ചായത്തിൽ സ്ഥാനാർത്ഥി. കൊങ്ങന്നൂർ വാർഡ് 12 ലെ എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് ഷജിത മത്സരിക്കുന്നത്.
വയനാട് കല്പറ്റ കോട്ടാംതറയിലാണ് ഷജിതയുടെ വീട്. കൊങ്ങന്നൂർ സ്വദേശിയും സി.പി.ഐ പ്രവർത്തകനുമായ അരിയാട്ടുമീത്തൽ ബൈജുവാണ് ഭർത്താവ്. പുത്തുമലയിലേയും വയനാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേയും പ്രളയ ദുരിതം കേട്ടറിഞ്ഞ് വയനാട് കലക്ടറേറ്റിലെത്തിയ ഇരുവരും കലക്ടറെ കണ്ട് ഭൂമി സംഭാവന ചെയ്യുന്നതിന് സമ്മതം അറിയിക്കുകയായിരുന്നു.

ബൈജുവിൻ്റേയും ഷാജിതയുടേയും സത് പ്രവൃത്തിയെ പത്ര ദൃശ്യ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും പ്രശംസിച്ചു. നിത്യ ജോലി ചെയ്ത് ജീവിതം നയിക്കുന്ന ഇരുവരുടേയും മഹാ മനസ്സിനെ മഹനീയ മാതൃകയായി അനുമോദിച്ച് കലക്ടറേറ്റിലും നാട്ടിലും അന്ന് സ്വീകരണം നൽകുകയുണ്ടായി. അത്തോളി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനയിലെ അംഗമാണ് ഷജിത ബൈജു
