അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ വികസന മുരടിപ്പിലും യു ഡി. എഫ് പ്രാദേശിക നേതൃത്വത്തിൻ്റെ അഴിമതിയിലും പ്രതിഷേധിച്ച് മുൻ ഗ്രാമ പഞ്ചായത്ത് മെംബർ ഉൾപ്പെടെ ചേർന്ന് രൂപീകരിച്ച ജനകീയ വികസന മുന്നണി അത്തോളി പഞ്ചായത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നു. യു ഡി. എഫിനെതിരെ മുഴുവൻ വാർഡുകളിലും പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനാണ് തീരുമാനം. ജനകീയ വികസന മുന്നണിയുടെ ഓഫിസ് മുസ്ലിം ലീഗ് മുൻ സംസ്ഥാന കമ്മിറ്റ അംഗം ഷാഹുൽ ഹമീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന അത്തോളി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനകീയ മുന്നേറ്റങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് പരിസരത്താണ് ഓഫിസ് പ്രവർത്തിക്കുക. ഗിരീഷ് മൊടക്കല്ലൂർ അദ്ധ്യക്ഷം വഹിച്ചു. വി.എം.സുരേഷ് ബാബു, ടി.വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജനകീയ വികസന മുന്നണി രണ്ട് സ്ഥാനാർത്ഥികളെ നിർത്തുന്നുണ്ട്. പതിനാറാം വാർഡിൽ മുൻ ഗ്രാമ പഞ്ചായത്ത് മെംബർ വാസവൻ പൊയിലിലും അഞ്ചാം വാർഡിൽ ഷീജ ഷിബുവുമാണ് സ്ഥാനാർത്ഥികൾ. ഇരുവർക്കും ഇടതു മുന്നണി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
