അത്തോളി: ഭരണകാലാവധി അവസാനിക്കാനിരിക്കെ അത്തോളി ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം തുടങ്ങാത്ത സ്റ്റേഡിയത്തിന് സി.എച്ചിൻ്റെ നാമകരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മണ്ണെടുത്ത സ്ഥലത്തിന് അകലെയായി റോഡിൽ കവാടം സ്ഥാപിച്ചിരിക്കുന്നത്.

2022 ൽ മുസ്ലീം ലീഗ് മണ്ഡലം ഭാരവാഹി കൂടിയായ സാജിത് കോറോത്ത് സ്റ്റേഡിയം നിർമ്മാണത്തിനായി പഞ്ചായത്തിന് സ്ഥലം കൈമാറിയിരുന്നു. എന്നാൽ മണ്ണെടുക്കലല്ലാതെ നിർമ്മാണ പ്രവർത്തനം ഒന്നും നടക്കുകയുണ്ടായില്ല. മണ്ണ് നീക്കം ചെയ്ത ഗ്രൗണ്ടിനാണ് ഇപ്പോൾ സി എച്ച് മുഹമ്മദ് കോയ സ്മാരക സ്റ്റേഡിയം എന്ന് പേര് നൽകിയിരിക്കുന്നത്.
സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്കായി ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും ഈ തുക വിനിയോഗിക്കപ്പെട്ടിട്ടില്ല.
പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ, വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ്, സുനീഷ് നടുവിലയിൽ, പി. എം രമ, സാജിത പി.ടി, രേഖ വെള്ളത്തോട്ടത്തിൽ, എ.എം. സരിത, സന്ദീപ് നാലുപുരക്കൽ സ്ഥലം നൽകിയ
സാജിത് കോറോത്ത് എന്നിവർ നാമകരണ ചടങ്ങിൽ പങ്കെടുത്തു. സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉൾക്കൊള്ളുന്ന പതിനാലാം വാർഡ് മെംബറുടെ അസാനിദ്ധ്യം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
