അത്തോളി: ചരിത്രത്തിന് പുറത്ത് നിർത്തിയവരെ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് മറതി എന്ന നോവലിലൂടെ നിർവ്വഹിച്ചിട്ടുള്ളതെന്ന് നോവലിസ്റ്റ് ഡോ. പി. സുരേഷ് പറഞ്ഞു. മറതി എന്ന നോവലിനെ ആസ്പദമാക്കി സ്പേസ് അത്തോളിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക ചർച്ചയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ദളിതരും സാമൂഹിക ജീവിതത്തിൽ അരികുവത്കരിക്കപ്പെടുകയും ചെയ്യപ്പെട്ടവർക്ക് ചരിത്ര രേഖകളിൽ ഇടമില്ല. ചരിത്ര സംഭവങ്ങൾ സമൂത്തിലെ ഉന്നത ശ്രേണിയിലുള്ളവർക്ക് വേണ്ടി വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പേരു ചേർക്കപ്പെടേണ്ടിയിരുന്ന ഒട്ടേറെ പേർ വിസ്മരിക്കപ്പെട്ടു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രാദേശിക ചരിത്രത്തിൽ സുപ്രധാന അധ്യയമായി രേഖപ്പെടുത്തപ്പെടേണ്ടിയിരുന്ന ഉളിച്ചേരി ( ഉള്ള്യേരി ) പാലം പൊളിക്കൽ സംഭവത്തിന് അർഹമായ പ്രാധാന്യം ലഭിക്കുകയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉള്ള്യേരിയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഒരു സ്മാരകം ഇല്ലാതെ പോയത് സ്വാതന്ത്ര്യ സമരത്തിൽ ധീരമായി പങ്കെടുത്ത സാധാരണക്കാരായ പോരാളികളെ കുറിച്ചുള്ള ബോധപൂർവ്വമായ മറവിയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ശ്രീജിത് ശ്രീവിഹാർ പുസ്തക പരിചയം നടത്തി. കെ. ടി. ശേഖർ, ജോബി മാത്യു, സുരേഷ് അക്ഷരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബി.കെ.ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ചീടത്തിൽ സ്വാഗതവും കെ.ഷിജിൻ നന്ദിയും പറഞ്ഞു.
