അത്തോളി: തോരായി സ്വദേശിയായ ആയിഷ റഷയെ എരഞ്ഞിപ്പാലത്തെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു.
‘എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ എന്ന് ആയിഷ ആൺ സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശത്തിൽ പറയുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറപ്പി മൂന്നാം വർഷ വിദ്യാർഥിനി മൊടക്കല്ലൂർ തോരായി അൽമുറാദ് ഹൗസിൽ ആശാരിക്കൽ ആയിഷ റഷ (21) യെ സുഹൃത്തും മലാപ്പറമ്പിലെ ജിമ്മിലെ പരിശീലകനുമായ ബഷീറുദ്ദീൻ മുഹമ്മദിൻ്റെ
എരഞ്ഞിപ്പാലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ് ബഷീറുദ്ദീനെ കസ്റ്റഡിയിലെടുത്തിരുന്നു. വേങ്ങേരി കണ്ണാടിക്കൽ സ്വദേശിയാണ് ബഷീറുദ്ദീൻ. ഞായറാഴ്ച രാത്രി 8.50ന് വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നുവെന്നും ചവിട്ടിത്തുറന്നപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നുമാണു ബഷീറുദ്ദീന്റെ മൊഴി. കാറിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ലെന്നും പറയുന്നു. 3 വർഷത്തോളമായി ആയിഷയുമായി പരിചയമുണ്ടെന്നും കഴിഞ്ഞ ഇരുപത്തിനാലിനാണ് ആയിഷ വീട്ടിലെത്തിയതെന്നും മൊഴിയിലുണ്ട്. ബഷീറുദ്ദീൻ സംഭവ ദിവസം രാവിലെ ജിമ്മിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. ഇതിനെ ആയിഷ എതിർത്തു. തർക്കത്തിനൊടുവിൽ യുവാവ് ജിമ്മിലേക്കു പോയി. ഉച്ചയോടെ ‘എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ എന്ന് ആയിഷ ബഷീറുദ്ദീനു വാട്സാപ് അയച്ചതായി പൊലീസ് പറഞ്ഞു. ആഘോഷം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടതെന്നും ബഷീറുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്.
ആയിഷയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കൾ കരുതുന്നത്. ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ പറയുന്നു. യുവാവിൽ നിന്നു നിരന്തരമായി മാനസിക പീഡനം അനുഭവിച്ചെന്നും മംഗളൂരുവിൽ നിന്നു ഭീഷണിപ്പെടുത്തി യുവാവ് കോഴിക്കോട്ട് എത്തിച്ചതാകാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മംഗളൂരുവിൽ നിന്നു യുവാവിന്റെ വാടക വീട്ടിലെത്തി മരിച്ചതിൽ ദൂരൂഹതയുണ്ട്. 2 വർഷം മുൻപ് ഇരുവരെയും ഒന്നിച്ചു കണ്ടപ്പോൾ
ബന്ധുക്കൾ ഇടപെട്ട് താക്കീത് നൽകിയിരുന്നു. പിന്നീട് യുവാവ് ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.
വിദ്യാർഥിയുമായി ആശുപത്രിയിൽ എത്തിയ യുവാവ് ആദ്യം ഭർത്താവാണെന്നും പിന്നീട് സുഹൃത്താണെന്നും മാറ്റിപ്പറഞ്ഞത് ദുരൂഹത വർധിപ്പിക്കുന്നു. ആരോപണം ഉയർന്നതോടെ പൊലീസ് വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
പഠനത്തിൽ മിടുക്കിയായ ആയിഷയെ ബാങ്ക് വായ്പയെടുത്താണ് മംഗളൂരുവിൽ ഫിസിയോ തെറപ്പി കോഴ്സിനു ചേർത്തത്. കൂലിപ്പണിക്കാരനായ പിതാവ് അബ്ദുൽ റഷീദ് മാസങ്ങൾ മുമ്പാണ് വിദേശത്തേക്ക് പോയതെന്നും ബന്ധുക്കൾ പറഞ്ഞു.
സൗദി അറേബ്യയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മാതാവ്: ഫസീല. സഹോദരി: ഫെല്ല.
